
ശബരിമല വേർതിരിവുകൾക്ക് അതീതമായ ഇടമെന്നും മതാതീതമായ ആരാധനാലയമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്ത് വിവിധ വിഭാഗങ്ങളിൽ നിന്ന് ശബരിമലയിലേക്ക് ആളുകൾ ഒഴുകിയെത്തുന്നു. വിശ്വാസങ്ങൾക്കപ്പുറം എല്ലാവരും ഒരുമിച്ച് എത്തുന്ന ഇടമാണിവിടം. ഈ ആരാധനാലയത്തെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പമ്പാ തീരത്ത് നടക്കുന്ന ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദർശനവും തീർത്ഥാടനവും ആയാസകരമല്ലാതാക്കുന്നതിന് വലിയ ഇടപെടലാണ് ദേവസ്വം ബോർഡ് നടത്തുന്നത്. ഇത്രയേറെ തീർഥാടകർ എത്തുമ്പോൾ ആയാസരഹിതമായ തീർഥാടനം ഉറപ്പാക്കാൻ ഇടപെടൽ വേണ്ടതുണ്ട്. ഭക്തരിൽനിന്ന് നിന്ന് വേണ്ട നിർദേശങ്ങൾ സ്വീകരിക്കുന്നുണ്ട്. അതിന് വേണ്ടിയാണ് ഈ ഭക്തജന സംഗമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഗമത്തോട് ഭക്തർ നല്ല നിലയിൽ സഹകരിക്കുന്നുണ്ട്. യഥാർഥ ഭക്തർക്ക് അങ്ങനെയേ ചെയ്യാനാവൂ. ഭക്തജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അവർ ശബരിമലയുടെ താത്പര്യം സംരക്ഷിക്കുന്നവർ അല്ല. ഭക്തി കേവലം പരിവേഷയായി അണിയുന്നവർക്ക് അജണ്ട ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അവർ സംഗമം തടയാൻ നോക്കി. എന്നാൽ സുപ്രീംകോടതി അത് വിലക്കി എന്നത് സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്തി ഉയർത്തി പിടിക്കുന്നവരുടെ സംഗമമാണിത്. തത്വമസി പൊരുൾ ഉൾകൊണ്ട തീർത്ഥാടനമാണ് ഇവിടെ നടക്കുന്നത്. ഹരിവരാസന കൃതി ചിട്ടപ്പെടുത്തിയത് നിരീശ്വരവാദിയായ ദേവരാജൻ മാസ്റ്റർ. ആലപിച്ചത് ക്രൈസ്തവ വിശ്വാസിയായ യേശുദാസ്, ശബരിമല യാത്രയിൽ അയ്യപ്പഭക്തർ തൊഴുതു നീങ്ങുന്നത് വാവര് നടയിൽ, ഇങ്ങനെ ശബരിമലയുടെ മതാതീത ആത്മീയത അത്യപൂർവ പ്രതിഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.