
അന്തരിച്ച ഡിസിസി വൈസ് പ്രസിഡന്റ് എം ജി കണ്ണനെ അനുസ്മരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. അടൂരിന് രണ്ട് എംഎല്‍എമാര്‍ എന്നാണ് ജനങ്ങള്‍ പറയാറുള്ളതെന്ന് എം ജി കണ്ണനെ അനുസ്മരിച്ചുകൊണ്ട് ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
‘2021 ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ എന്നോടൊപ്പം നിറഞ്ഞുനിന്ന വ്യക്തിത്വത്തിന് ഉടമയാണ് എം ജി കണ്ണന്‍. അടൂരിന് രണ്ട് എംഎല്‍എമാരാണ്. മണ്ഡലത്തില്‍ നിറഞ്ഞുനിന്നയാളാണ്. മത്സരിച്ചുതോറ്റാല്‍ പലരും അങ്ങനെ നില്‍ക്കില്ല. എല്ലാ വീട്ടിലും ചടങ്ങളിലും അദ്ദേഹം ഉണ്ടാകുമായിരുന്നു. മികച്ച വ്യക്തിയും രാഷ്ട്രീയ പ്രവര്‍ത്തകനുമാണ് എം ജി കണ്ണന്‍. പൊതു പ്രവര്‍ത്തകര്‍ കണ്ടുപഠിക്കേണ്ട വ്യക്തിത്വം. എനിക്ക് നല്ലൊരു സഹോദരന്‍ കൂടിയായിരുന്നു കണ്ണന്‍’, ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
പക്ഷാഘാതത്തെ തുടര്‍ന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് എം ജി കണ്ണന്റെ വിയോഗം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടൂര്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു എംജി കണ്ണന്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റായും, രണ്ടുതവണ ജില്ലാ പഞ്ചായത്ത് അംഗമായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പത്തനംതിട്ട ചെന്നീര്‍ക്കര മാത്തൂര്‍ സ്വദേശിയാണ് എംജി കണ്ണന്‍. കണ്ണന്‍റെ കുടുംബത്തിന് കെപിസിസി അഞ്ച് ലക്ഷം രൂപ കെെമാറുമെന്ന് കെ സുധാകരൻ എം പി അറിയിച്ചിട്ടുണ്ട്.