KeralaNewsPolitics

ഈ രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച നാടാണ് കേരളം; മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാർ 2016 ൽ അധികാരത്തിൽ വന്നിരുന്നില്ലെങ്കിൽ കേരളം തകർന്നു പോകുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത് രണ്ടാം എൽഡിഎഫ് സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച മഹായോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. കൃത്യമായ കണക്കുകളുടേയും ഭരണ നേട്ടത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

2016ന് മുമ്പ് കേരളം കടുത്ത നിരാശയിലായിരുന്ന കാലമായിരുന്നു. അക്കാലത്ത് കാലം മാറുന്നതിന് അനുസരിച്ച് നമ്മൾക്ക് മുന്നേറാൻ സാധിച്ചിരുന്നില്ല. അങ്ങനെ നിരാശയിലായിരുന്ന കാലത്താണ് എൽഡിഎഫ് 600 ഇനങ്ങളുള്ള ഒരു പ്രകടനപത്രിക അവതരിപ്പിച്ചത് ജനങ്ങൾ അതിനെ സ്വീകരിച്ചു. അന്ന് അധികാരത്തിലേറിയ എൽഡിഎഫ് സർക്കാർ 2021 ൽ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചപ്പോൾ വിരലിൽ എണ്ണാവുന്നത് ഒഴിച്ച് വാഗ്ദാനങ്ങൾ പൂർത്തികരിച്ചു. അതിന്റെ ഫലമായാണ് തുടർഭരണം ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യുഡിഎഫും ബിജെപിയും ഹീനമായ മാർഗങ്ങൾ സ്വീകരിച്ചിട്ടും ജനങ്ങൾ എൽഡിഎഫിന് തുടർഭരണം നൽകി. കാരണം അനുഭവത്തിൻ്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ സർക്കാരിനെ വിലയിരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശിയപാതാ വികസനത്തിൽ യുഡിഎഫ് സർക്കാരിൻ്റെ പിടിപ്പുകേടിന് പിഴയായിട്ടാണ് 5700 കോടി രൂപ സംസ്ഥാനത്തിന് മുടക്കേണ്ടി വന്നത്. എൽ​ഡിഎഫ് സർക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം ഉണ്ടാക്കാനായെന്നും ലൈഫ് ഭവനപദ്ധതിയാൽ നാലര ലക്ഷം വീടുകൾ പൂർത്തിയായെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉടൻ തന്നെ ഇത് അഞ്ച് ലക്ഷത്തിൽ എത്തുമെന്നും ക്ഷേമപെൻഷന്റെ കാര്യത്തിൽ യുഡിഎഫ് കാലത്ത് 18 മാസം കുടിശികയായിരുന്നു. എൽഡിഎഫ് പെൻഷൻ തുക 600 ൽ നിന്ന് 1600 ലേക്ക് എത്തിച്ചുവെന്നും ഈ വർഷം നവംബർ 1ന് അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് സർക്കാർ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കി. ആപത്ത്ഘട്ടത്തിൽ ഒരിക്കലും കേന്ദ്ര സർക്കാർ നമ്മളെ സഹായിച്ചില്ലെന്നും അർഹതപ്പെട്ടതാണ് ചോദിച്ചതെന്നും എന്നാൽ ഭരണഘടന നൽകുന്ന പരിരക്ഷ പോലും അട്ടിമറിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിദരിദ്ര കുടുംബങ്ങളെ ആ പട്ടികയിൽ നിന്നും മോചിപ്പിക്കാൻ നാട് ഒരുങ്ങുകയാണെന്നും ഇത്തരത്തിലൊരു പദ്ധതി രാജ്യത്തെ എതെങ്കിലും സംസ്ഥാനത്തുണ്ടോ? എന്നും മുഖ്യമന്ത്രി ചോദിച്ചു. അതിദരിദ്രരെ ചേർത്ത് പിടിക്കുന്ന നയമാണ് എൽഡിഎഫിന് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ രാജ്യത്തിൻ്റെ അഭിമാനത്തിന് ക്ഷതമേൽകുന്ന ഒന്നും കേരളം ചെയ്തിട്ടില്ല. ഈ രാജ്യത്തിന് അഭിമാനം ഉണ്ടാകുന്ന നേട്ടങ്ങൾ സമ്മാനിച്ച നാടാണ് കേരളമെന്നും ആ നാടിനെയാണ് സാമ്പത്തികമായി ഇല്ലാതാക്കുവാൻ കേന്ദ്രം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button