KeralaNews

സ്ത്രീയുടെ വോയ്‌സ്‌ക്ലിപ്പ് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; കെ എസ് യു ജനറല്‍ സെക്രട്ടറിയുടെ പരാതിയില്‍ മൂന്ന് നേതാക്കള്‍ക്കെതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കെ എസ് യു ( ksu ) ജനറല്‍ സെക്രട്ടറി ആഷിഖ് ബൈജുവിന്റെ പരാതിയില്‍ മൂന്ന് കെ എസ് യു നേതാക്കള്‍ക്കെതിരെ കേസെടുത്തു. ആഷിഖ് ബൈജു കോടതിയില്‍ നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. കെഎസ് യുവിന്റെ രണ്ട് സംസ്ഥാന നേതാക്കള്‍ക്കും ഒരു ജില്ലാ നേതാവിനുമെതിരെയാണ് കൊല്ലം ഇരവിപുരം പൊലീസ് കേസെടുത്തത്.

കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യദു കൃഷ്ണന്‍, അരുണ്‍ രാജേന്ദ്രന്‍, ജില്ലാ പ്രസിഡന്റ് അന്‍വര്‍ സുല്‍ഫിക്കര്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സ്ത്രീയെ ഉപയോഗിച്ച് പണം തട്ടിയെന്നാണ് പരാതിയില്‍ പറയുന്നത്. കെ എസ് യുവിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പോരിന്റെ അനന്തരഫലമാണ് പരാതിയും കേസുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

പ്രതികള്‍ ആഷിഖ് ബൈജുവിന്‍റെ പൊതു ജീവിതം കളങ്കപ്പെടുത്തുക, ഭീഷണിപ്പെടുത്തി അന്യായ ധനസമ്പാദനം നടത്തുക എന്നീ ഉദ്ദേശത്തോടുകൂടി കഴിഞ്ഞവര്‍ഷം ഡിസംബര്‍ 9ന് വാട്സ്ആപ്പ് കോള്‍ ചെയ്ത് പരസ്ത്രീ ബന്ധമുള്ള ആളാണെന്നും പൊതുജീവിതം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് പലപ്രാവശ്യം തിരുവനന്തപുരത്ത് വച്ച് ബലാത്സംഗത്തിന് ഇരയാക്കി എന്ന് ഒരു സ്ത്രീ ആരോപിക്കുന്ന വോയിസ് ക്ലിപ്പ് അയച്ചു കൊടുക്കുകയും ചെയ്തു. പ്രതികൾ കൃത്യത്തിന് പരസ്പരം സഹായികളായി പ്രവർത്തിച്ചുവെന്ന് എഫ്‌ഐആറില്‍ പറയുന്നു. വ്യാജ പരാതിയാണെന്നും എഫ്‌ഐആറിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും യദു കൃഷ്ണന്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button