സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥി

സി. പി രാധാകൃഷ്ണൻ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർഥിയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടന്ന പ്രധാന യോഗത്തിന് ശേഷം ബിജെപി അധ്യക്ഷൻ ജെ പി നദ്ദ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. സി പി രാധാകൃഷ്ണന് പൂർണ പിന്തുണ നൽകുന്നുവെന്ന് കേന്ദ്രമന്ത്രി ജിതൻ റാം മാഞ്ചി പ്രതികരിച്ചു.
തമിഴ്നാട് സ്വദേശിയായ സി പി രാധാകൃഷ്ണൻ ആർഎസ്എസ് പശ്ചാത്തലമുള്ള നേതാവാണ്. വരാനിരിക്കുന്ന തമിഴ്നാട്- കേരള തിരഞ്ഞെടുപ്പുകൾ കൂടി പരിഗണിച്ചാണ് ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി പി രാധാകൃഷ്ണനെ തിരഞ്ഞെടുക്കാനുള്ള തീരുമാനം. ആർഎസ്എസിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവേശനം.
ജാർഖണ്ഡ് പുതുച്ചേരി തെലങ്കാന ഗവർണർ പദവികൾ വഹിച്ചിരുന്നു. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായിരുന്നു. രണ്ടുതവണ കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ആർഎസ്എസ് അഭിപ്രായം മുൻനിർത്തിയാണ് പാർട്ടി തീരുമാനമെന്നാണ് വിവരം.