അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ; മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് രാജീവ് ചന്ദ്രശേഖര്‍

ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പ്രകോപിതനായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുമല അനിലിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. ഇതിനെ ഗുരുതരവിഷയമായി കാണുന്നത് സിപിഎമ്മിന്റെ തന്ത്രമാണെന്നും വരുംദിവസങ്ങളില്‍ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
അനിലിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സിപിഎമ്മിന്റെ ഭീഷണിയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതൊരു പുതിയ സിപിഎം തന്ത്രമാണെന്നും നേതാക്കളെ നേരിട്ട് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച അദ്ദേഹം, ചില മാധ്യമങ്ങള്‍ സിപിഎമ്മിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും നുണ പ്രചരിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.
‘നിങ്ങളോട് ആരാ പറഞ്ഞത്, നിങ്ങള്‍ ഏതു ചാനലാ ? മതി, അവിടെ ഇരുന്നാ മതി. നീ നിന്നാ മതി അവിടെ. നീ ചോദിക്കരുത്, നിങ്ങള്‍ ചോദിക്കരുത്. ഞാന്‍ മറുപടി തരില്ല. ആത്മഹത്യ ചെയ്ത കൗണ്‍സിലറാണ്. നിങ്ങള്‍ ഇങ്ങനെ നുണ പ്രചരിപ്പിക്കരുത്. ശുദ്ധ നുണയാണ്, നിങ്ങള്‍ നുണ പറയുന്ന ചാനലാണ്. ഒരു നാണവുമില്ലാത്ത ചാനലാ. മരിച്ച ഒരു ആളെ കുറിച്ച് ഇങ്ങനെ പറയുന്നതില്‍ നാണമില്ലേ നിങ്ങള്‍ക്ക്’ എന്നായിരുന്നു രാജീവ് ചന്ദ്രേശഖര്‍ പറഞ്ഞത്.
അനിലിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സൊസൈറ്റിയുടെ ഭരണസമിതി ബിജെപിയുടേതാണെന്ന വാദം അദ്ദേഹം പൂര്‍ണ്ണമായും തള്ളി. അനിലിനെ ഭീഷണിപ്പെടുത്തിയതിന് പാര്‍ട്ടിക്ക് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. രണ്ടുദിവസം മുന്‍പ് അനിലുമായി സംസാരിച്ചിരുന്നുവെന്ന് സമ്മതിച്ചെങ്കിലും, സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചോ സൊസൈറ്റിയെക്കുറിച്ചോ സംസാരിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.