‘നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിയമനിര്‍മാണം നടത്തണം’; കോതമംഗലത്തെ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ബിജെപി പ്രക്ഷോഭത്തിലേക്ക്

കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ വീഴ്ത്തുന്നതും നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങളിലെത്തിച്ച് മതം മാറ്റുന്നതും സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണെന്ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷോണ്‍ കുറ്റപ്പെടുത്തി.
നിര്‍ബന്ധിത മതംമാറ്റത്തില്‍ നിയമസഭ നിയമനിര്‍മാണം നടത്തണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗം വിഷയം ഏറ്റെടുക്കാന്‍ തീരുമാനിക്കുകയും ഇതിന് നേതൃത്വം നല്‍കാന്‍ ഷോണിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.കോതമംഗലത്ത് യുവതി ആത്മഹത്യ ചെയ്ത് ഇത്ര ദിവസം കഴിഞ്ഞിട്ടും നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമത്തിന് കേസെടുത്തിട്ടില്ല. വീട്ടില്‍ പൂട്ടിയിട്ട് മര്‍ദിച്ചിരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തു വന്നു. എന്നിട്ടും ഇക്കാര്യത്തില്‍ കേസെടുക്കാന്‍ നിയമമില്ല എന്നാണ് പൊലീസ് പറയുന്നത്. നിയമം ഇല്ലെങ്കില്‍ ഇത്തരത്തില്‍ മര്‍ദിച്ച് നിര്‍ബന്ധിതമായി മതം മാറ്റുന്നത് കുറ്റകൃത്യമായി പ്രഖ്യാപിച്ച് നിയമം പാസാക്കണം, ഷോണ്‍ ജോര്‍ജ് പറഞ്ഞു.
യുവതിയെ നിര്‍ബന്ധിച്ച് മതം മാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ തീവ്രവാദ ബന്ധത്തെക്കുറിച്ചോ സംഘടനകളെക്കുറിച്ചോ അന്വേഷിക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്നും പൊലീസ് അലംഭാവം തുടര്‍ന്നാല്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും ഷോണ്‍ പറഞ്ഞു. ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സുമിത് ജോര്‍ജ്, എറണാകുളം സിറ്റി ജില്ലാ അധ്യക്ഷന്‍ കെ.എസ്.ഷൈജു, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.സജി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഈ മാസം ഒമ്പതിനാണ് മൂവാറ്റുപുഴ ടിടിഐയിലെ വിദ്യാര്‍ഥിനിയായ കോതമംഗലം കറുകടം സ്വദേശിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആണ്‍സുഹൃത്തായ റമീസിനെയും കുടുംബക്കാരെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യക്കുറിപ്പും ലഭിച്ചു. ഇതിനു പിന്നാലെ റമീസ് അറസ്റ്റിലാവുകയും ചെയ്തു. ആത്മഹത്യാപ്രേരണ കുറ്റത്തിന് പ്രതി ചേര്‍ത്ത ഇയാളുടെ മാതാപിതാക്കള്‍ ഒളിവിലാണ്.