
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത ബിജെപി പ്രവര്ത്തകന് ആനന്ദ് തമ്പി ആത്മഹത്യാക്കുറിപ്പില്‍ ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. തന്റെ ശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ല, പക്ഷെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കാണാന്‍ അനുവദിക്കരുതെന്നാണ് കുറിപ്പിലൂടെ അഭ്യര്‍ത്ഥിക്കുന്നത്.
തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് ഒരു ആര്‍എസ്എസുകാരനായി ജീവിച്ചു എന്നതാണെന്നും ഈ മരണത്തിനു തൊട്ടുമുമ്പ് വരെയും ആര്‍എസ്എസ് പ്രവര്‍ത്തകനായി മാത്രമാണ് ജീവിച്ചിരുന്നതെന്നും കുറിപ്പിലുണ്ട്. അതാണ് തന്നെ ഈ ആത്മഹത്യയിലേക്ക് നയിച്ചത്. ഇനി ഒരാള്‍ക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുതെന്നും ആനന്ദ് കുറിപ്പില്‍ വ്യക്തമാക്കുന്നു.
തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആര്‍എസ്എസ്- ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷം ആത്മഹത്യ ചെയ്തത്. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുറിപ്പില്‍ പറയുന്നു. തൃക്കണ്ണാപുരത്ത് സ്ഥാനാര്‍ത്ഥിയാക്കിയത് മണ്ണ് മാഫിയക്കാരനെയാണെന്നും ആനന്ദ് ആരോപിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തഴഞ്ഞതിനെ തുടര്‍ന്ന് തൃക്കണ്ണാപുരം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കുകയായിരുന്നു ആനന്ദ്.



