KeralaNews

ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ ആത്മഹത്യ: സഹകരണ സംഘം ഭാരവാഹികളെ ചോദ്യം ചെയ്യും

ബിജെപി കൗൺസിലർ തിരുമല അനിലിൻ്റെ ആത്മഹത്യയിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അനിൽ പ്രസിഡൻ്റായിരുന്ന ജില്ല ഫാം ടൂർ സഹകരണ സംഘത്തിലെ ഭാരവാഹികളെ ഉടൻ ചോദ്യം ചെയ്യുന്നതായിരിക്കും. നിക്ഷേപക വത്സലയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ നടപടി.

സഹകരണ സംഘം സെക്രട്ടറിയും സേവാ ഭാരതി പ്രവർത്തകയുമായ നീലിമ ആർ കുറുപ്പ്, ഹിന്ദു ഐക്യവേദി നേതാവും ഭരണസമിതി അംഗവുമായ എം ഗോപാല്‍ ഉൾപ്പെടെയുള്ള സംഘം ഭാരവാഹികളെ ചോദ്യം ചെയ്യുന്നതായിരിക്കും. വിശദ അന്വേഷണത്തിനായി ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിൻ്റെ രേഖകളും വിവരങ്ങളും ഹാജരാക്കാൻ പൊലീസ് സഹകരണ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടി ലഭിച്ച ശേഷമാകും കൂടുതൽ പേരെ ചോദ്യം ചെയ്യുക. സംഘത്തിൻ്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സഹകരണ വകുപ്പിൻ്റെ അവസാന അന്വേഷണ റിപ്പോർട്ടും പുറത്തു വരാനുണ്ട്. കുടിശ്ശിക അടയ്ക്കാനുള്ള ബിജെപിക്കാരായ 70 പേരുടെ പട്ടിക അനിൽ മരിക്കുന്നതിന് മുൻപ് തയ്യാറാക്കിയിരുന്നതായി സൂചനയുണ്ട്.

അനിലിൻ്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞശേഷം അടുത്ത ബന്ധുക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. കൻ്റോൺമെൻ്റ് അസിസ്റ്റൻ്റ് കമീഷണർ സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. അന്വേഷണം ഊർജിതമാക്കിയതോടെ ഫാം ടൂർ സഹകരണ സംഘത്തിലെ ബാധ്യതകൾ എത്രയും വേഗം തീർക്കാൻ പാർട്ടി നേതാക്കളോടും കൗൺസിലർമാരോടും ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button