
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താനായി തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും പങ്കെടുത്തേക്കുമെന്നാണ് സൂചന. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ ബിഹാര്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അടക്കം വിലയിരുത്തും. അതിനുശേഷമാകും ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുക. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. നേരത്തെയുള്ള പട്ടികയില്‍ നിന്നും 47 ലക്ഷം പേരെയാണ് അന്തിമ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.
നവംബര്‍ 22 നാണ് നിലവിലെ ബിഹാര്‍ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവും ബിജെപിയും അടക്കമുള്ള എന്‍ഡിഎയാണ് ഭരണത്തിലുള്ളത്. കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ അടക്കമുള്ള ഇന്ത്യ സഖ്യ പാര്‍ട്ടികളാണ് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നത്. വോട്ടുചേരി വിവാദം ഉയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ബിഹാറില്‍ വന്‍ പ്രതിഷേധ റാലികള്‍ നടത്തിയിരുന്നു.