
ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനം ഉറപ്പാക്കുമോയെന്ന എ എ റഹീം എം പിയുടെ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ കേന്ദ്രമന്ത്രി പ്രതാപ്‌റാവു ജാദവ് നല്‍കിയ മറുപടിയില്‍, ആശമാര്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്ക് കീഴിലാണെങ്കിലും പ്രതിമാസം കേവലം 3,500 രൂപ മാത്രമേ ഫിക്‌സഡ് ഇന്‍സെന്റീവ് ആയി നല്‍കുകയുള്ളൂവെന്നും ബാക്കി ഓരോ സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണെന്നും പറയുന്നു.
പ്രതിമാസം 2,000 രൂപയില്‍ നിന്ന് ഈ വര്‍ഷം മാര്‍ച്ചിലാണ് 3,500 രൂപയാക്കിയതെന്നും അതില്‍ ഇനി വര്‍ധനവ് ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. കേവലം ഇന്‍സെന്റീവ് മാത്രം നല്‍കാതെ ആശമാരും സംസ്ഥാന സര്‍ക്കാരുകളും ആവശ്യപ്പെടുന്നത് പോലെ നിശ്ചിത വേതനം എന്തുകൊണ്ട് നല്‍കുന്നില്ല എന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല.
കേന്ദ്ര പദ്ധതികളുടെ ഭാരം സംസ്ഥാനങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ച് കൈ നനയാതെ മീന്‍ പിടിക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ആശമാരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും ഇന്‍സെന്റീവുകളല്ല മറിച്ച് നിശ്ചിത വേതനമാണ് നല്‍കേണ്ടതെന്നും എ എ റഹീം എം പി പറഞ്ഞു.