NationalNews

കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഹൈക്കോടതി

കരൂരിൽ തമിഴക വെട്രി കഴകത്തിന്റെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഹൈക്കോടതി. ഐജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുക. സംഘാടകരെന്ന നിലയില്‍ പ്രവര്‍ത്തകരോട് ഉത്തരവാദിത്തമില്ലേ എന്ന് ടിവികെയോട് ഹൈക്കോടതി ചോദിച്ചു. ടിവികെ ജനറല്‍ സെക്രട്ടറി ബുസി ആനന്ദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. ബുസി ആനന്ദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തു. പ്രവര്‍ത്തകര്‍ കൊല്ലപ്പെടണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കില്‍ കൊലപാതകക്കുറ്റം ചുമത്തുമായിരുന്നെന്ന് സര്‍ക്കാര്‍ പറഞ്ഞു. വിജയ് 12 മണിക്ക് എത്തുമെന്നാണ് അറിയിച്ചത്. മണിക്കൂറുകളോളം പ്രവര്‍ത്തകരെ കാത്തുനിര്‍ത്തി, വ്യവസ്ഥകള്‍ ലംഘിച്ചാണ് 23 കിലോമീറ്ററോളം റോഡ് ഷോ നടത്തിയതെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു. പ്രവര്‍ത്തകര്‍ ക്ഷമയോടെ കാത്തിരിക്കണമെന്ന് ടിവികെ അറിയിച്ചില്ലെന്നും പൊലീസ് പറഞ്ഞു.

അതേസമയം, പാര്‍ട്ടി പ്രവര്‍ത്തകര്‍ മരിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് ബുസി ആനന്ദ് പറഞ്ഞു. നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുസി ആനന്ദ് വാദിച്ചു. പരിപാടിയില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരെ കുറ്റപ്പെടുത്താനാവില്ലെന്നും പരിപാടി നടന്ന സ്ഥലത്ത് പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെന്നും ബുസി ആനന്ദ് പറഞ്ഞു. രണ്ട് ടിവികെ നേതാക്കളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി ഉത്തരവിനായി മാറ്റി.

മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കുന്നതുവരെ തമിഴ്‌നാട്ടില്‍ പൊതുസമ്മേളനങ്ങള്‍ വിലക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ദേശീയ പാതകള്‍, പൊതുഇടങ്ങളിലെ റോഡ് ഷോകള്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ വിലക്കിയത്. ഒരു രാഷ്ട്രീയപാര്‍ട്ടികള്‍ക്കും പൊതുപരിപാടികള്‍ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍ നിശ്ചിത സ്ഥലത്ത് പൊതുപരിപാടികള്‍ നടത്തുന്നതിന് വിലക്കില്ലെന്ന് കാര്യം ഹൈക്കോടതി വ്യക്തമാക്കി. മാര്‍ഗനിര്‍ദേശം രൂപീകരിക്കുന്നതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിവെളളം, ആംബുലന്‍സ്, ടോയ്‌ലറ്റ്, പാര്‍ക്കിംഗ് സൗകര്യം എന്നിവയുള്‍പ്പെടെയുളള സൗകര്യം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. കരൂര്‍ ദുരന്തത്തിലെ അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്ന ഹര്‍ജികളും ഹൈക്കോടതി തളളി. കരൂര്‍ ദുരന്തത്തിലെ ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം വേണമെന്ന ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button