KeralaNewsPolitics

അഡ്വ. മോഹന്‍ ജോര്‍ജ് നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അഡ്വ. മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥി. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വാര്‍ത്താക്കുറിപ്പിലൂടെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നു മോഹന്‍ ജോര്‍ജ്. മലപ്പുറം ചുങ്കത്തറ സ്വദേശിയാണ്. നിലമ്പൂര്‍ കോടതിയില്‍ അഭിഭാഷകനാണ്. നേരത്തെ മത്സരിക്കാന്‍ ബിജെപി താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നത് ഏറെ വിവാദമായിരുന്നു.

തുടര്‍ന്ന് ബിഡിജെഎസിനോട് മത്സരിക്കാന്‍ സന്നദ്ധതയുണ്ടോയെന്ന് ബിജെപി നേതൃത്വം ആരാഞ്ഞിരുന്നു. എന്നാല്‍ ബിഡിജെഎസിലും മത്സരിക്കുന്നതില്‍ അഭിപ്രായ ഭിന്നത നിലനിന്നിരുന്നു. ഇതിനിടെയാണ് ബിജെപി തന്നെ മത്സരിക്കാന്‍ തീരുമാനിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് രശ്മില്‍നാഥിനെ അടക്കം സ്ഥാനാര്‍ത്ഥിത്വത്തിന് പരിഗണിച്ചിരുന്നു.

നിലമ്പൂരില്‍ ഏതാണ്ട് 20 ശതമാനത്തിലേറെ ക്രിസ്ത്യന്‍ വോട്ടുകളുണ്ടെന്നാണ് കണക്ക്. വന്യജീവി ശല്യം നേരിടുന്ന മണ്ഡലത്തില്‍ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകള്‍ കൂടി ലക്ഷ്യമിട്ടാണ് മുന്‍ കേരള കോണ്‍ഗ്രസ് നേതാവുകൂടിയായ മോഹന്‍ ജോര്‍ജിനെ ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിട്ടുള്ളത്. മോഹന്‍ ജോര്‍ജ് നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം.

അതേസമയം നിലമ്പൂരില്‍ പി.വി അന്‍വറിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പിവി അന്‍വറുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രിയാണ് രാഹുല്‍ ഒതായിയിലെ വീട്ടിലെത്തിയത്. യുഡിഎഫിലേക്ക് ഇല്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോണ്‍ഗ്രസ് നേതാവ് നേരിട്ട് എത്തിയത്. അന്‍വര്‍ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ കൂടിക്കാഴ്ചയ്ക്കെത്തിയത്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേതൃത്വം നല്‍കുന്ന യുഡിഎഫിലേക്കില്ലെന്നും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നുമായിരുന്നു അന്‍വര്‍ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് നിലമ്പൂരില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്‍വര്‍ മലക്കം മറിഞ്ഞു. രാവിലെ മത്സരിക്കില്ലെന്ന് പറഞ്ഞ അന്‍വര്‍ വൈകിട്ടായതോടെ മത്സരിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ചു. അതേസമയം യുഡിഎഫ് ഏറെക്കുറെ കൈവിട്ടതോടെ മുന്നണി പ്രവേശ സാധ്യത അടക്കം അവസാനിച്ച മട്ടാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button