
ദുരന്തമുഖത്തും കേന്ദ്ര സർക്കാരിന്‍റേത് മനുഷ്യത്വ വിരുദ്ധ സമീപനമാണെന്ന് എഎ റഹീം എംപി. ദുരന്തനിവാരണ ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞു. ബില്ല് ഭേദഗതി ചെയ്യുന്നതിന് മുമ്പ് കേന്ദ്ര സർക്കാർ തങ്ങളുടെ സമീപനം ഭേദഗതി ചെയ്യണം. 2024 ജൂലൈ 30-ന് ഏകദേശം 266 പേരുടെ ജീവൻ നഷ്ടപ്പെട്ടു, 32 പേരെ കാണാതായി. ദുരന്തബാധിതരായ എല്ലാവരും ഇന്ത്യക്കാരാണ്. ഈ ദുരന്തം സംഭവിച്ച് എട്ട് മാസം കഴിഞ്ഞിരിക്കുന്നു. എന്നാൽ, ഇന്നുവരെ കേന്ദ്ര സർക്കാർ ഒരു പൈസ പോലും കേരളത്തിന് അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രിയും പരിസ്ഥിതി മന്ത്രിയും ഒരു യുക്തിയുമില്ലാതെ കേരളത്തെ കുറ്റപ്പെടുത്തി. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ ഭരണഘടന വിരുദ്ധമായ അവഗണനയുടെ തുടർച്ചയാണത്. 2024-25 കാലയളവിൽ എസ്ഡിആർഎഫിന്‍റെ കേന്ദ്ര വിഹിതത്തിൽ കേരളത്തിന് ₹291.02 കോടി മാത്രമാണ് നൽകിയത്.
എന്നാൽ ഗുജറാത്തിന് ₹1,226 കോടി, മധ്യപ്രദേശ് ₹1,686 കോടി, ഉത്തർപ്രദേശ് ₹1,791 കോടി, മഹാരാഷ്ട്ര ₹2,984 കോടി,ഹരിയാന ₹455 കോടി എന്നിങ്ങനെയും നൽകി. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ കേന്ദ്രത്തിൽ നിന്ന് ഏറ്റവും കുറവ് വിഹിതം ലഭിക്കുന്ന ഏക സംസ്ഥാനം കേരളമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ തുടർച്ചായി കേരളം പ്രകൃതിക്ഷോഭങ്ങൾ നേരിടുന്നു. പ്രകൃതിക്ഷോഭങ്ങൾ പതിവായ സംസ്ഥാനത്തിന് കേന്ദ്ര സർക്കാർ നൽകുന്നത് തുച്ഛമായ തുകയാണ്.
വെള്ളിയാഴ്ച കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയൻ മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കായി പുതിയ ടൗൺഷിപ്പിന് ശിലാസ്ഥാപനം നടത്തുകയാണ്. അവിടെ ഒരു വീടിന് 25 മുതൽ 30 ലക്ഷം രൂപയാണ് കണക്കാക്കുന്നത്. ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് ചിന്തിക്കാൻ പോലുമാവില്ല.