
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തില്‍ പ്രതിപക്ഷമായ ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി ആര്‍ജെഡി നേതാവ് തേജസ്വി പ്രസാദ് യാദവ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. ആര്‍ജെഡി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും ചര്‍ച്ചയില്‍ സംബന്ധിക്കും.
‘സീറ്റ് വിഭജന ചര്‍ച്ചകള്‍ നടന്നുവരികയാണ്. എല്ലാം പരിഹരിക്കപ്പെടും, സീറ്റ് വിഭജന പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.’. ഡല്‍ഹിയ്ക്ക് പുറപ്പെടും മുമ്പ് ലാലു പ്രസാദ് യാദവ് പറഞ്ഞു. ചില സാങ്കേതിക പ്രശ്നങ്ങള്‍ മൂലമാണ് സീറ്റ് വിഭജന പ്രഖ്യാപനം വൈകിയതെന്ന് വികാസ് ശീല് ഇന്സാന് പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി പറഞ്ഞു. ചര്‍ച്ചകള്‍ക്കായി താന്‍ ഡല്‍ഹിയിലേക്ക് പോകുകയാണ്. അവിടെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. ഞായറാഴ്ച പട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്നതിനുമുമ്പ് മുകേഷ് സാഹ്നി പറഞ്ഞു.
അഞ്ചു സീറ്റുകളെച്ചൊല്ലിയാണ് ബിഹാറില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും തമ്മില്‍ അഭിപ്രായ നിലനില്‍ക്കുന്നതെന്നാണ് സൂചന. ബെയ്സി, ബഹാദൂര്‍ഗഞ്ച്, റാണിഗഞ്ച്, കഹല്‍ഗാവ്, സഹര്‍സ എന്നീ അഞ്ച് സീറ്റുകളില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും ഇത് സീറ്റ് വിഭജന കരാര്‍ പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. നവംബര്‍ 6, 11 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായിട്ടാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും.