
ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് ആക്രമണത്തില്‍ തങ്ങളുടെ കൂട്ടത്തില്‍ ഉളള ചിലര്‍ മനഃപൂര്‍വം പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് റൂറല്‍ എസ്പി കെ ഇ ബൈജു. അത് ആരാണെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പേരാമ്പ്രയില്‍ ലാത്തി ചാര്‍ജ് നടന്നിട്ടില്ലെന്നും ബൈജു ആവര്‍ത്തിച്ചു. ‘നമ്മുടെ എംപിയെ പുറകില്‍ നിന്ന് ലാത്തി കൊണ്ട് അടിച്ചു’ എന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് ബൈജുവിന്റെ പ്രതികരണം.
‘കമാന്‍ഡ് ചെയ്യും, വിസിലടിക്കും, അടിച്ചോടിക്കും. അങ്ങനെയാണ് ലാത്തിച്ചാര്‍ജ് നടത്തുക. അത് നടന്നിട്ടില്ല. പക്ഷേ, നമ്മുടെ കൂട്ടത്തിലെ ചില ആളുകള്‍ മനപൂര്‍വം കുഴപ്പം ഉണ്ടാക്കാന്‍ ശ്രമിച്ചു. അത് പിന്നീട് മനസിലാക്കി. ആരാണെന്ന് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്’, അദ്ദേഹം പറഞ്ഞു. നേരത്തെ തന്നെ ലാത്തിച്ചാര്‍ജ് നടന്നിട്ടില്ലെന്ന് കെ ഇ ബൈജു റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. ലാത്തിച്ചാര്‍ജ് നടന്നതായി ഒരു വിഷ്വല്‍ എങ്കിലും കാണിക്കാന്‍ ആര്‍ക്കും കഴിയില്ല. ഒന്നര മണിക്കൂറോളം റോഡ് ബ്ലോക്കായതോടെ ടിയര്‍ ഗ്യാസ് പ്രയോഗിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും കെ ഇ ബൈജു പറഞ്ഞിരുന്നു.
അതേസമയം പേരാമ്പ്രയില്‍ ഷാഫി പറമ്പിലിന് പൊലീസിന്റെ അടിയേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ലാത്തി കൊണ്ട് ഷാഫി പറമ്പിലിന്റെ തലയ്ക്ക് പൊലീസ് അടിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാനാവുന്നത്. അക്രമത്തില്‍ മൂക്കിന് പൊട്ടലുണ്ടായ ഷാഫി പറമ്പിലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. അതേസമയം പേരാമ്പ്രയിലെ കോണ്‍ഗ്രസ്-സിപിഐഎം സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഷാഫി പറമ്പിലിന് പുറമെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഉള്‍പ്പടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരെയുമാണ് കേസ്. ഗതാഗത തടസം സൃഷ്ടിച്ചു, മാരകായുധങ്ങള്‍ ഉപയോഗിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് എഫ്‌ഐആര്‍. സംഘര്‍ഷത്തില്‍ സിപിഐഎം നേതാക്കളായ കെ സുനില്‍, കെ കെ രാജന്‍ എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 492 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംഘര്‍ഷത്തില്‍ രണ്ട് എഫ്‌ഐആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.