
ബംഗാളിലെ ദുര്‍ഗാപൂരില്‍ വിദ്യാര്‍ത്ഥിനി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ വിവാദ പ്രതികരണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. രാത്രി കാലങ്ങളില്‍ പെണ്‍കുട്ടി പുറത്തിറങ്ങിയതെന്തിനെന്ന് വിശദീകരിക്കണം. കോളേജ് അധികൃതര്‍ പെണ്‍കുട്ടികളെ രാത്രിസമയങ്ങളില്‍ പുറത്തേക്ക് വിടരുതെന്നും മമത.
എംബിബിഎസ് വിദ്യാര്‍ത്ഥി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വിവാദ പ്രതികരണം. രാത്രി വിദ്യാര്‍ത്ഥി പുറത്തിറങ്ങിയതിനെ കുറ്റപ്പെടുത്തിയാണ് മമത ബാനര്‍ജിയുടെ പരാമശം. രാത്രി പന്ത്രണ്ടരയ്ക്ക് ആരാണ് പെണ്‍കുട്ടിയെ പുറത്തേക്ക് പോകാന്‍ അനുവദിച്ചത്. കോളേജ് അധികൃതര്‍ പെണ്‍കുട്ടികളെ രാത്രിയില്‍ പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നും പെണ്‍കുട്ടികള്‍ സ്വയം സംരക്ഷിക്കേണ്ടതുണ്ടെന്നും മമത പ്രതികരിച്ചു.
സ്വകാര്യ മെഡിക്കല്‍ കോളേജ് അധികൃതര്‍ കൃത്യമായ സുരക്ഷ ഉറപ്പാക്കണം. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും ബംഗാളിലേത് മാത്രം പര്‍വതീകരിക്കരുതെന്നും മമത ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. അതേസമയം, മമത ബാനര്‍ജിക്കെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. മമതയുടെ പരാമര്‍ശം അപമാനകരമെന്നും പെണ്‍കുട്ടികള്‍ രാത്രി വൈകി പുറത്തിറങ്ങിയാല്‍ ബലാത്സംഗം ക്ഷണിച്ചുവരുത്തുമെന്നാണ് മമത സൂചിപ്പിക്കുന്നതെന്നും അമിത് മാളവ്യ പ്രതികരിച്ചു. മമത നിരന്തരം ഇരയെ കുറ്റപ്പെടുത്തുകയാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചു.സംഭവത്തില്‍ 3 പ്രതികളെയാണ് ഇത് വരെ അറസ്റ്റ് ചെയ്തത്.