
പ്രത്യേക അന്വേഷണ സംഘം എല്ലാം അന്വേഷിക്കട്ടേയെന്ന് ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 2024ൽ സ്വർണ്ണ പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. സത്യസന്ധവും സുതാര്യവുമായ തീരുമാനമാണ് ബോർഡ് എടുത്തത്. 1998 മുതലുള്ള എല്ലാ കാര്യങ്ങളും എസ് ഐ ടി അന്വേഷിക്കണം. 2019 ൽ പാളി ഉണ്ണിക്കൃഷ്ണന് കൊടുക്കരുതെന്ന് തന്നെയാണ് പറഞ്ഞത്. ഇത്തവണ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പാളി കൊടുത്തു വിട്ടതെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ കാര്യങ്ങളിലും സുതാര്യമായ അന്വേഷണം നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. 1998 മുതൽ ഇതുവരെയുള്ള കാര്യങ്ങൾ അന്വേഷിക്കട്ടെ. ദേവസ്വം ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നു തെളിഞ്ഞാൽ അവരുടെ പെൻഷൻ ഉൾപ്പെടെ തടയും. ഇപ്പോഴത്തെ ബോർഡിനെ സംശയ നിഴലിൽ നിർത്തേണ്ട ആവശ്യമില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും തെളിയണം എന്നാണ് ബോർഡിൻ്റെ ആവശ്യം. നഷ്ടപ്പെട്ട സ്വർണം തിരിച്ചുപിടിക്കണം. ബോർഡിന് ഒരു ആശയക്കുഴപ്പവുമില്ല. ആറാഴ്ചത്തെ അന്വേഷണം കഴിഞ്ഞ് ദേവസ്വം പ്രസിഡൻ്റ്
തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ താൻ രാജി വെയ്ക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. സ്വർണ്ണ പാളി ഉണ്ണികൃഷ്ണന് കൈമാറരുത് എന്ന തീരുമാനം എൻ്റേതു തന്നെ ആയിരുന്നു. ഇപ്പോള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പാളി കൊണ്ടു പോകുന്നതിനെ താൻ തന്നെയാണ് തടഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.