KeralaNews

‘ഇതാണ് എൻ്റെ ജീവിതം’ ഇപിയുടെ ആത്മകഥ നവംബർ മൂന്നിന് പ്രകാശനം ചെയ്യും

സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജൻ്റെ ആത്മകഥ നവംബർ മൂന്നിന് പുറത്തിറങ്ങും. കണ്ണൂരിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും. ‘ഇതാണ് എൻ്റെ ജീവിതം’ എന്നാണ് ആത്മകഥയുടെ പേര്. മാതൃഭൂമി ബുക്സ് ആണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. നേരത്തെ പുറത്തു വന്ന ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പേരിലുള്ള ആത്മകഥ ഇ പി ജയരാജൻ നിഷേധിച്ചിരുന്നു. തൻ്റെ അനുമതിയോടെയല്ല ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസി ബുക്സ് തയാറാക്കിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ ഇപിയുടെ ആത്മകഥയുടേതെന്ന പേരിൽ ഡിസി ബുക്സ് കവർചിത്രം പുറത്തുവിട്ടത് വലിയ വിവാദമായിരുന്നു. വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമായിരുന്നു സംഭവം. ആത്മകഥയുടെ ഭാഗമെന്ന നിലയിൽ പുറത്ത് വന്ന പിഡിഎഫിൽ സിപിപഐഎമ്മിനെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷ വിമർശനമാണ് ഉണ്ടായിരുന്നത്. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്ന വാദവും ഇ പി ഉയർത്തിയതായി പിഡിഎഫിനെ ഉദ്ധരിച്ച് വാർത്തകൾ വന്നിരുന്നു.

ഇത് കൂടാതെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി സരിനെതിരെയും ജയരാജൻ വിമർശനം ഉന്നയിച്ചതായി ആത്മകഥയുടേതായി പുറത്തുവന്ന പിഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ച് വരുന്നവർ വയ്യാവേലിയാണെന്നും പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നും പുസ്തകത്തിൽ പരാമർശമുണ്ടെന്ന സൂചനകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ആരോപണങ്ങളെ പൂർണമായും തള്ളുന്ന നിലപാടാണ് ഇ പി ജയരാജൻ സ്വീകരിച്ചത്. തന്റെ ആത്മകഥയിലേത് എന്ന് പറഞ്ഞ് പ്രചരിച്ച വാർത്തകൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു ഇ പി പറഞ്ഞത്. പുറത്ത് വന്നത് വ്യാജ വാർത്തകളാണെന്നും കവർ ചിത്രം പോലും തയ്യാറാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഡി സി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. നേരത്തെ ശ്രീകുമാറിന്റെ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ഡി സി ബുക്സിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനമുന്നയിച്ചിരുന്നു. എഴുത്തുകാരൻ്റെ അനുമതിയില്ലാതെയല്ലെ ആത്മകഥയുടെ തലക്കെട്ട് തയ്യാറാക്കിയതെന്നും പുസ്തകം പ്രസിദ്ധീകരണത്തിന് നൽകിയതെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

എഴുത്തുകാരനെ മാനസികമായി ബുദ്ധിമുട്ടിക്കാനാണ് ആത്മകഥ പ്രസിദ്ധീകരിച്ചത് എന്നും എഴുത്തുകാരനെ അപമാനിക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിട്ട ഡിസി ബുക്സിന്റെ നടപടി ശരിയാണോ? ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുന്നിൽ നിൽക്കുമ്പോൾ ഇങ്ങനെ ചെയ്തതെന്തിന്? പ്രസിദ്ധീകരിക്കാൻ അനുമതി നൽകാതെ എങ്ങനെ പുസ്തകം പുറത്തുവിടാനാകും? എഴുത്തുകാരനെ അപമാനിച്ചുവെന്നത് വസ്തുതയാണെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button