KeralaNews

മാസപ്പടി കേസില്‍ സുപ്രീം കോടതിയില്‍ നടന്നത് നാടകം, മാത്യു കുഴല്‍നാടന്റെ നീക്കം സംശയത്തിന് ഇട നല്‍കുന്നത്: ഷോണ്‍ ജോര്‍ജ്

മാസപ്പടി കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ നടന്നത് നാടകമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോണ്‍ ജോര്‍ജ്. മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ പോയ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്‍നാടന്റെ നടപടി തിരക്കഥയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഷോണ്‍ ജോര്‍ജ് ആരോപിച്ചു. ജില്ലാ കോടതിയും ഹൈക്കോടതിയും വിജിലന്‍സ് അന്വേഷണത്തിന് സാധ്യതയില്ലെന്ന് കണ്ടെത്തി തള്ളിയതിനുശേഷമാണ് കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. അതും ഹൈക്കോടതി കേസ് തള്ളി മാസങ്ങള്‍ക്ക് ശേഷം. ഇത് സംശയത്തിന് ഇട നല്‍കുന്നതാണ്.

രണ്ട് സ്വകാര്യ കമ്പനികള്‍ നടത്തിയ അഴിമതി കമ്പനി ആക്ട് പ്രകാരമാണ് അന്വേഷിക്കേണ്ടത് എന്ന് ചൂണ്ടിക്കാട്ടി ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതിയിലും കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിഗണിച്ചും കേന്ദ്ര കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം നേരിട്ടാണ് എസ്എഫ്‌ഐഒ അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു. അതിനുശേഷം വീണ്ടും എന്തിനാണ് വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനം സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നേതാവ് കാട്ടിയതെന്ന് മനസ്സിലാകുന്നില്ല. രണ്ട് കമ്പനികള്‍ തമ്മില്‍ നടക്കുന്ന പണമിടപാട് മുഖ്യമന്ത്രിയിലേക്ക് എത്തുന്നതാണ് എസ്എഫ്‌ഐഒ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ ഈ റിപ്പോര്‍ട്ട് പ്രകാരം മൂന്നാം പ്രതിയാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരാനിരിക്കെ മുഖ്യമന്ത്രിയെ വെള്ളപൂശാന്‍ വേണ്ടിയുള്ള ശ്രമമായി മാത്രമേ കോണ്‍ഗ്രസ് നേതാവിന്റെ സുപ്രീംകോടതിയിലെ ഹര്‍ജിയെ കാണാന്‍ കഴിയൂ. ഇത് മുന്‍ധാരണ പ്രകാരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ വിഷയത്തില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ സിഎംആര്‍എല്‍ കൊടുത്ത ഹര്‍ജിയില്‍ സ്റ്റേ നിലനില്‍ക്കുന്നതിനാലാണ് പ്രോസിക്യൂഷന്‍ നടപടി വൈകുന്നത്. ഈ കേസില്‍ ഇഡി, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മാസപ്പടി വിഷയത്തില്‍ കുറ്റക്കാരായ മുഖ്യമന്ത്രിയെയും മകളെയും ജയിലില്‍ അടയ്ക്കും വരെ പോരാട്ടം തുടരുമെന്നും അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button