
ബീഹാറിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണത്തിന് (എസ് ഐ ആർ) ശേഷമുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 65 ലക്ഷം പേരുകളാണ് കമ്മീഷന് വെട്ടി മാറ്റിയിരുന്നത്. വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്കരണത്തിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പുറത്തിറക്കുന്നത്.
നവംബര്‍ 22ന് നിയമസഭയുടെ കാലാവധി കഴിയുന്ന പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കും എന്നാണ് സൂചന. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അടുത്ത മാസം ആദ്യവാരം ബീഹാര്‍ സന്ദര്‍ശിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച 7 കോടി 23 ലക്ഷത്തോളം വോട്ടര്‍മാരുടെ അപേക്ഷകളില്‍ 35 ലക്ഷം വോട്ടര്‍മാരെ അനധികൃത കുടിയേറ്റക്കാരെന്ന പേരിലാണ് പുറത്താക്കിയത്. എസ് ഐ ആറുമായി ബന്ധപ്പെട്ട ഹർജികള്‍ ഏഴാം തീയതിയാണ് സുപ്രീം കോടതി തുടര്‍ വാദം കേള്‍ക്കുന്നത്.