
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തിൽ ബിജെപി വക്താവ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്ത് പൊലീസ്. ചാനൽ ചർച്ചയ്ക്കിടെ രാഹുൽഗാന്ധിക്കെതിരെ നടത്തിയ പരാമർശത്തിലാണ് കേസ്. പേരാമംഗലം പൊലീസാണ് കേസെടുത്തത്. മൂന്നു വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ്. കലാപാഹ്വാനം, സമൂഹത്തിൽ വിദ്വേഷം പ്രചരിപ്പിക്കൽ, കൊലവിളി പ്രസംഗം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
ഒരു ടെലിവിഷൻ ചാനൽ ചർച്ചയ്ക്കിടെ പരസ്യമായി രാഹുൽ ഗാന്ധിക്കെതിരെ കൊലവിളി നടത്തുകയായിരുന്നു ബിജെപി വക്താവ് പ്രിന്റു മഹാദേവ്. രാഹുൽ ഗാന്ധിയുടെ നെഞ്ചിൽ വെടിയുണ്ട വീഴുമെന്നായിരുന്നു ഇയാൾ ചർച്ചയ്ക്കിടെ പറഞ്ഞത്. സംഭവത്തിൽ ബിജെപിക്കെതിരെ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. പ്രിന്റു മഹാദേവന്റെ വീട്ടിലേക്കുള്ള മാർച്ചിൽ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.