KeralaNational

കരൂര്‍ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം, പരിക്കേറ്റവര്‍ക്ക് അരലക്ഷം വീതം; സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടു ലക്ഷം രൂപ വീതം നല്‍കും. പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കരൂരിലെ വേലുച്ചാമിപുരത്ത് ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേരാണ് മരിച്ചത്. ഇതില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 100 ലേറെ പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നടന്‍ വിജയ് യുടെ പാര്‍ട്ടിയായ ടിവികെയ്ക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ദുരന്തത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ടിവികെ അധ്യക്ഷന്‍ വിജയ് സഹായധനം പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷവും, പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ദുരന്തത്തിൽ സംഭവിച്ച നഷ്ടം നികത്താൻ പര്യാപ്തമല്ലെങ്കിലും, ദുഃഖിതരായ കുടുംബത്തിനൊപ്പം നിൽക്കേണ്ടത് തന്റെ കടമയാണെന്നും കുറിപ്പിൽ വിജയ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button