
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാല് തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി യാത്ര തിരിച്ചതായി പാര്‍ട്ടി വക്താവ് പവന്‍ ഖേര വ്യക്തമാക്കി. എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തെക്കേ അമേരിക്ക സന്ദര്‍ശിക്കുന്നു. നാല് രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കള്‍, സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍, വ്യവസായികള്‍ എന്നിവരുമായി അദ്ദേഹം ആശയവിനിമയം നടത്തും’ പവന്‍ ഖേര അറിയിച്ചു. രാഹുല്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങള്‍ ഏതൊക്കെയാണെന്നോ എത്ര ദിവസത്തേക്കാണ് വിദേശത്ത് തങ്ങുന്നതെന്നോ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ബ്രസീല്‍, കൊളംബിയ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ സര്‍വകലാശാല വിദ്യാര്‍ത്ഥികളുമായി രാഹുല്‍ ഗാന്ധി സംവദിക്കുകയും ചെയ്യുമെന്നാണ് സൂചനകള്‍. ജനാധിപത്യപരവും തന്ത്രപരവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ പ്രസിഡന്റുമാരുമായും മുതിര്‍ന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.
ചേരിചേരാ പ്രസ്ഥാനം, ഗ്ലോബല്‍ സൗത്തില്‍ ഐക്യദാര്‍ഢ്യം, ബഹുധ്രുവ ലോകക്രമത്തോടുള്ള പ്രതിബദ്ധത എന്നിവയിലൂടെ ഇന്ത്യയും തെക്കേ അമേരിക്കയും ദീര്‍ഘകാലമായി ബന്ധം പങ്കിടുന്നുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ വര്‍ഷം ഏപ്രിലില്‍ രാഹുല്‍ ഗാന്ധി അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിച്ചിരുന്നു.