
സര്‍ക്കാരിന്റെ കപട ഭക്തിയില്‍ വിശ്വാസമില്ലെന്നും യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. സിപിഎമ്മിന്റേത് പ്രീണന നയമെന്നും സതീശന് കുറ്റപ്പെടുത്തി. യോഗിയും പിണറായിയും നല്ല കൂട്ടുകാരായി എന്നും സതീശന് പരിഹസിച്ചു. എന്‍എസ്എസ്, എസ്എന്‍ഡിപി നിലപാടില്‍ കോണ്‍ഗ്രസിന് ആശങ്കയില്ലെന്നും സതീശന് വ്യക്തമാക്കി. എന്‍എസ്എസ് നിലപാടില്‍ യുഡിഎഫിന് പരാതിയില്ല.
രാഹുല്‍ ഗാന്ധിയുടെ ശരീരത്ത് വെടിയുണ്ട കയറും എന്ന പരാമര്‍ശത്തിന്, ഗോഡ്സെയുടെ പിന്തുടര്ച്ചക്കാരാണ് പറയുന്നതെന്നും രാഹുലിന്റെ ദേഹത്തൊരു മണ്ണ് വാരി ഇടാന്‍ കഴിയില്ലെന്നും സതീശന് പ്രതികരിച്ചു. അതിന് ജനാധിപത്യ വിശ്വാസികള്‍ സമ്മതിക്കില്ല. രാഹുലിനെ ഒരു വാക്കുകൊണ്ടും ഭയപ്പെടുത്താന്‍ കഴിയില്ല. കേരളത്തിലെ പോലീസ് പരാമര്‍ശത്തിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ല. ബിജെപിയുമായി പിണറായി സര്‍ക്കാര്‍ സന്ധി ചെയ്തിരിക്കുകയാണെന്നും സതീശന് കുറ്റപ്പെടുത്തി.
അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു എന്ന് നിങ്ങളോട് ആരു പറഞ്ഞുവെന്നായിരുന്നു എന്‍എസ്എസ് നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കേരളത്തിലെ യുഡിഎഫിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് പറഞ്ഞ സതീശന് ഭൂരിപക്ഷ വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വര്‍ഗീയതയ്ക്കും ഒരുപോലെ എതിരാണെന്നും കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മിന്റെ പ്രീണന നയമാണ്. മുന്‍പ് ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നു.