
സംസ്ഥാന പദവി ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തം. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ലേയില്‍ നടന്ന പ്രകടനത്തിനിടെ ഒരു വിഭാഗം യുവാക്കള്‍ പൊലീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസിന് തീയിടുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു. പൊലീസും അര്‍ധസൈനിക വിഭാഗവും സമരക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. പ്രതിഷേധക്കാര്‍ ബിജെപി ഓഫിസിനു തീയിട്ടു.
സംസ്ഥാനപദവി ആവശ്യപ്പെട്ടു നിരാഹാര സമരം നടത്തിയിരുന്ന രണ്ട് മുതിര്‍ന്ന പൗരന്മാര്‍ ഇന്നലെ തളര്‍ന്നുവീണിരുന്നു. തുടര്‍ന്ന് ലേ നഗരം സമ്പൂര്‍ണമായി അടച്ചിടാന്‍ പ്രതിഷേധക്കാരായ വിദ്യാര്‍ഥി യുവജന സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ 35 ദിവസമായി നിരാഹാര സമരത്തിലായിരുന്ന 15 പേരില്‍ രണ്ടുപേരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റിയതോടെയാണ് എല്‍എബി യുവജന വിഭാഗം പ്രതിഷേധത്തിനും അടച്ചിടലിനും ആഹ്വാനം ചെയ്തത്. കാലാവസ്ഥാ പ്രവര്‍ത്തകന്‍ സോനം വാങ്ചുക് നയിച്ച നിരാഹാര സമരവും പ്രദേശത്ത് തുടരുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായിരുന്നു.
അതേസമയം, അക്രമം നിര്‍ഭാഗ്യകരമായിപ്പോയെന്ന് സാമൂഹികപ്രവര്‍ത്തകനും പ്രതിഷേധങ്ങള്‍ നയിക്കുന്ന ആളുമായ സോനം വാങ്ചുക് പറഞ്ഞു. ‘ഇത്തരം അസംബന്ധമായ കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് യുവജനതയോട് അഭ്യര്‍ഥിക്കുകയാണ്. ഇതു നമ്മുടെ ആവശ്യത്തിനുമേല്‍ നഷ്ടങ്ങള്‍ വരുത്തും’ വാങ്ചുക് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു. ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂള്‍ പദവിയും നല്‍കണമെന്ന് ആവശ്യപ്പെട്ട് സോനം വാങ്ചുക്് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരത്തിലായിരുന്നു. ഈ സമരത്തിന് പിന്തുണയേകാനാണ് യുവജനങ്ങള്‍ തെരുവിലിറങ്ങിയത്.