
സ്ഥലമാറ്റക്കേസില്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോക് ഐഎഎസിന്റെ ഹര്‍ജി മുന്‍ഗണന നല്കി തീർപ്പാക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിര്‍ദേശം. അശോകിനെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ നടപടിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.
ബി അശോകിനെ സ്ഥലംമാറ്റിയ സര്‍ക്കാരിന്റെ നടപടി രണ്ടു തവണയാണ് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുമ്പോള്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും ആ പദവിയില്‍ തുടരാന്‍ അനുവദിക്കണം. പിന്നീട് സ്ഥലംമാറ്റുമ്പോള്‍ സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ അനുമതി കൂടി വേണമെന്നും സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഇതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ ഹര്‍ജി നിലനില്‍ക്കുന്നതിനിടെ, അശോകിനെതിരെ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചതെന്തിനെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ ഈ കേസില്‍ അടിയന്തരമായി പരിഗണിച്ച് തീരുമാനമുണ്ടാക്കണമെന്ന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ ആവശ്യം പരിഗണിക്കാന്‍ കോടതി കൂട്ടാക്കിയില്ല.
ഇതേത്തുടര്‍ന്നാണ്, സ്ഥലംമാറ്റത്തില്‍ ബി അശോകിന്റെ ഹര്‍ജികളില്‍ വേഗം തീര്‍പ്പാക്കണമെന്ന് സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ഈ ആവശ്യം പരിഗണിച്ചാണ് അശോകിന്റെ ഹര്‍ജികള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഗണിച്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതി അടുത്തയാഴ്ച പരിഗണിച്ചേക്കും.