
അയ്യപ്പസംഗമത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ ആളുകൾ വന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഒഴിഞ്ഞ കസേര എഐ ദൃശ്യങ്ങളാവാമെന്നും മാധ്യമങ്ങൾ കള്ള പ്രചാരണം നടത്തുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. എൻഎസ്എസ് അടക്കമുള്ളവരെ എത്തിക്കാനായത് നേട്ടമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. നിർദേശങ്ങൾ ക്രോഡീകരിക്കാൻ 18അംഗ സമിതിയെ ചുമതലപ്പെടുത്തി.
ആഗോള അയ്യപ്പ സംഗമത്തിൽ പ്രതീക്ഷിച്ച പങ്കാളിത്തം ഇല്ലാതെ പോയതിന് കാരണം വിവാദങ്ങൾ കൂടിയതാകാമെന്ന വിലയിരുത്തലുമായി ദേവസ്വം ബോർഡ്. പങ്കാളിത്തം കുറഞ്ഞത് തിരിച്ചടിയാണെങ്കിലും എൻഎസ്എസ് അടക്കമുള്ളവരെ വേദിയിൽ എത്തിക്കാൻ കഴിഞ്ഞത് നേട്ടമായാണ് സർക്കാർ വിലയിരുത്തുന്നത്. നിർദേശങ്ങൾ ക്രോഡീകരിക്കാനായി പതിനെട്ട് അംഗ സമിതിയ്ക്കും രൂപം നൽകിയിട്ടുണ്ട്. പക്ഷേ ഇതിന്റെ നിയമ സാധുതയിൽ സംശയങ്ങൾ ഉയരുന്നുണ്ട്. നാളെ പന്തളത്ത് സംഘപരിവാർ സംഘടനകൾ സംഘടിപ്പിക്കുന്ന ബദൽ അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് അടക്കമുള്ള സംഘടനകൾ പങ്കെടുക്കുമോ എന്നതിൽ ഇനിയും വ്യക്തതയില്ല.
അതേസമയം, ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ശബരിമല കർമ സമിതി നടത്തുന്ന വിശ്വാസ സംഗമം നാളെ പന്തളത്ത്. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ.അണ്ണാമലൈ ഉദ്ഘാടനം ചെയ്യും. ശബരിമല സംരക്ഷണ സമ്മേളനം എന്ന പേരിലാണ് വിശ്വാസ സംഗമം സംഘടിപ്പിക്കുന്നത്. 15000 ഓളം പേർ വിശ്വാസ സംഗമത്തിൽ പങ്കെടുക്കും.