
തിരുമല വാര്‍ഡ് കൗണ്‍സിലറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെയും പോലീസിനെയും പഴിചാരി രക്ഷപ്പെടാനാണ് ബിജെപി ശ്രമം. കെ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ജില്ലാ ഫാം ടൂര്‍ സഹകരണ സംഘത്തിലെ തട്ടിപ്പില്‍ ബിജെപി ജില്ലാ-സംസ്ഥാന നേതാക്കളുടെ പങ്ക് സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ 22ന് കോര്പ്പറേഷന് പരിധിയിലെ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് സിപിഐ(എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി അഡ്വ.വി.ജോയി എം.എല്‍.എ അറിയിച്ചു.
ബിജെപി നേതാക്കള്‍ കടമെടുത്തു ചതിച്ചതിന്റെ ഭാഗമായിട്ടാണ് അനില്‍കുമാറിന് ആത്മഹത്യ ചെയ്യേണ്ടതായി വന്നത്. ഇന്നലെ ബിജെപി ജില്ലാ പ്രസിഡന്റ് നടത്തിയ വാര്‍ത്താ സമ്മേളനം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. പൊലീസും സിപിഐഎമ്മുമാണ് തങ്ങളുടെ സഹപ്രവര്‍ത്തകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ എന്ന് പറയുമ്പോള്‍ അനില്‍കുമാര്‍ എഴുതിവെച്ച ആത്മഹത്യ കുറിപ്പില്‍ പേരെടുത്ത് കുറ്റപ്പെടുത്തുന്ന ഒരേയൊരു രാഷ്ട്രീയ പാര്‍ട്ടിയെന്നത് ബിജെപി മാത്രമാണ്.
സിപിഐഎമ്മിനെയോ പോലീസിനെയോ സംബന്ധിച്ച് ആത്മഹത്യാ കുറുപ്പില്‍ ഒരു വാചകം പോലും ഇല്ലാതിരുന്നിട്ടും ബിജെപി ജില്ലാ പ്രസിഡന്റ് വാര്‍ത്താ സമ്മേളനം നടത്തി മരണത്തിന്റെ ഉത്തരവാദികളെ പ്രഖ്യാപിക്കുമ്പോള്‍ ഇവര്‍ക്ക് എന്തൊക്കെയോ മറച്ചുവെക്കാനുണ്ട് എന്നുള്ളത് തീര്ച്ചയാവുകയാണെന്നും വി ജോയി പറഞ്ഞു.