നേപ്പാൾ ഇടക്കാല പ്രധാനമന്ത്രിയുമായി സംസാരിച്ച് മോദി

നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി സുശീല കാർക്കിയുമായി ഫോണിൽ സംസാരിച്ച് നരേന്ദ്രമോദി .പ്രക്ഷോഭത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കുമെന്ന് മോദി അറിയിച്ചു.
നേപ്പാളിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടാണ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രിയാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കൂടിയായ സുശീല കർക്കി. നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എംഡി കുൽമാൻ ഗിസിംഗിനെ പ്രധാനമന്ത്രി ആകണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രക്ഷോഭകർ രംഗത്തെത്തിയിരുന്നു.
നേപ്പാൾ വൈദ്യുതി ബോർഡ് മുൻ സിഇഒ കുൽമൻ ഘിസിങ് ഉൾപ്പെടെ 3 പുതിയ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഘിസിങ്ങിനെ കൂടാതെ മുൻ ധനസെക്രട്ടറി രാമേശ്വർ ഖനാൽ, അഭിഭാഷകനായ ഓം പ്രകാശ് ആര്യൽ എന്നിവരാണ് സുശീല കർക്കി നയിക്കുന്ന ഇടക്കാല സർക്കാരിൽ മന്ത്രിമാരായത്. പ്രസിഡന്റ് റാം ചന്ദ്ര പൗഡേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ഊർജം, ഗതാഗതം, നഗരവികസനം എന്നീ വകുപ്പുകളാണ് ഘിസിങ്ങിനു നൽകിയിരിക്കുന്നത്. രാമേശ്വർ ഖനാൽ ധനമന്ത്രി; ആഭ്യന്തര, നിയമ വകുപ്പുകൾ ഓം പ്രകാശ് ആര്യലിന്. 3 പേരും അഴിമതി വിരുദ്ധ നിലപാടിനു പേരുകേട്ടവരാണ്.