KeralaNews

നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ അന്വേഷണം; ചുമതല വി ടി ബൽറാമിന്

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ അന്വേഷണത്തിന് തീരുമാനം. ഡിജിറ്റല്‍ മീഡിയാ സെല്ലിന്റെ പങ്കാളിത്തമാണ് അന്വേഷിക്കുക. വി ടി ബല്‍റാമിനാണ് അന്വേഷണ ചുമതല. നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ നടപടി വേണമെന്ന് കെപിസിസി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. സൈബര്‍ ആക്രമണം ഗുണം ചെയ്യില്ലെന്ന് കെ മുരളീധരന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. നേതാക്കള്‍ക്കെതിരെയുളള സൈബര്‍ ആക്രമണം നിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തില്‍ നേതാക്കള്‍ക്ക് ക്ലാരിറ്റി ഇല്ലെന്ന വിമർശനവും യോഗത്തില്‍ ഉയർന്നു. പ്രതിപക്ഷ നേതാവ് മാത്രമാണ് നിലപാട് ആവര്‍ത്തിക്കുന്നതെന്നും പൊതുസമൂഹത്തില്‍ സംശയത്തിന് അത് വഴിയൊരുക്കുന്നുണ്ടെന്നുമാണ് വിമര്‍ശനം. പല നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി. കെപിസിസി യോഗത്തില്‍ രാഹുല്‍ വിവാദം പരാമര്‍ശിക്കാന്‍ വി ഡി സതീശന്‍ തയ്യാറായില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് നേമം ഷജീറിന്റെ സാന്നിധ്യം കെസിപിസി യോഗത്തില്‍ ചര്‍ച്ചയായി. ഷജീറിന്റെ സാന്നിധ്യം നേതാക്കളുടെ പിന്തുണയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും യോഗത്തില്‍ വിമര്‍ശനം.

ലൈംഗിക ആരോപണങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് നിയമസഭയിലെത്തിയിരുന്നു. നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയത്. നിയമസഭയിലേക്ക് പോകുമെന്ന് ചില കോൺഗ്രസ് നേതാക്കളെ രാഹുൽ നേരത്തെ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button