
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ എത്തിയത് ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് . എംഎല്‍എ അല്ലേ സഭയില്‍ വരുമെന്നും പാർട്ടി എടുക്കേണ്ട നടപടികൾ എടുത്തിട്ടുണ്ടെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
രാഹുലിന് നിയമസഭയിൽ എത്താൻ അവകാശമുണ്ടെന്ന് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. എംഎൽഎ എന്ന നിലയിൽ രാഹുലിന് സഭയിലെത്താൻ നിയമസഭ സ്പീക്കർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണ വിധേയനായവർ എല്ലാവരും സഭയിൽ ഉണ്ടല്ലോയെന്നും അദ്ദേഹം ചോദിച്ചു.കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായാണ് രാഹുലിനെതിരെ നടപടി എടുത്തതെന്നും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത വ്യക്തിയെക്കുറിച്ച് മറിച്ച് ഒരു അഭിപ്രായമില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് ജില്ലാ നേതാക്കളുടെ പിന്തുണ വ്യക്തിപരമാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
കെ പി സി സി പ്രസിഡന്റ് പറഞ്ഞതിൽ മറ്റൊരു അഭിപ്രായമില്ലയെന്നും പാർലിമെന്ററി പദവിയിൽ നിന്ന് പുറത്താക്കിയതാണെന്നും എം എം ഹസ്സൻ വ്യക്തമാക്കി. നിയമസഭ സാമാജികൻ എന്ന നിലയിൽ അയാൾക്ക് വരാം വരാതിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.രാഹുലിന്റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചർച്ച ചെയ്യുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപിയും വ്യക്തമാക്കി. രാഹുൽ സഭയിൽ എത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ല. പാർട്ടിയിൽ നിന്ന് നേരത്തെ പുറത്ത് ആക്കിയതാണെന്നും ഇതെ കുറിച്ച് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലയെന്നും കെ മുരളീധരൻ പറഞ്ഞു. ധാർമ്മിക പ്രശ്നം ഇടത് പക്ഷത്തിനാണെന്നും അദ്ദേഹം വ്യക്തമാക്കി.