
തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കോണ്‍?ഗ്രസ് പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാധ്യമങ്ങളെ അറിയിച്ചു. സഭയില്‍ വരുന്നതില്‍ തീരുമാനിക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. നിയമ നിര്‍മാണത്തിന് മാത്രമായി ചേരുന്ന 12 ദിവസത്തെ സഭ സമ്മേളനം നാളെ തുടങ്ങും. നാല് ബില്ലുകളാണ് സമ്മേളനത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ബാക്കി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും എ എന്‍ ഷംസീര്‍ അറിയിച്ചു. നാളെ മുതല്‍ ഒക്ടോബര്‍ 10 വരെയാണ് സമ്മേളനം.
ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിന് പിന്നാലെയാണ് രാഹുലിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. രാഹുല്‍ സഭയില്‍ വരേണ്ടതില്ലെന്ന നിലപാടിലായിരുന്നു വി ഡി സതീശന്‍. എന്നാല്‍ എ ഗ്രൂപ്പിനും പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിനും രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. ഇത് സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ തീരുമാനമെന്നാണ് വി ഡി സതീശന്‍ നേരത്തെ പ്രതികരിച്ചത്.
ഇതിന് പിന്നാലെ രാഹുലിന്റെ സസ്‌പെന്‍ഷന്‍ സ്പീക്കറെ അറിയിച്ച് വി ഡി സതീശന്‍ കത്ത് നല്‍കും. രാഹുല്‍ ഇനി സഭയില്‍ പ്രത്യേക ബ്ലോക്ക് ആയിരിക്കും. സഭയില്‍ വരുന്നതില്‍ രാഹുല്‍ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. എംഎല്‍എയെ വിലക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിക്കുന്നത്.