
പി കെ ഫിറോസിനെതിരെ പറഞ്ഞ കാര്യങ്ങൾ അദ്ദേഹം നിഷേധിച്ചില്ലെന്നും താൻ ഉയർത്തിയ ഒരു ആരോപണവും തള്ളി പറഞ്ഞില്ലെന്നും കെ ടി ജലീൽ എംഎൽഎ. അഞ്ചേകാൽ ലക്ഷം രൂപ മാസ ശമ്പളം ലഭിക്കാൻ പി കെ ഫിറോസ് കമ്പനിക്ക് വേണ്ടി ചെയ്യുന്ന ജോലി എന്താണെന്നും ജലീൽ ചോദിച്ചു. മുഴുവൻ സമയ മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായി ഇവിടെ പ്രവർത്തിക്കുമ്പോൾ ദുബായിൽ ഫോർച്യൂൺ കമ്പനിയിൽ സെയിൽസ് മാനേജർ ആയി പ്രവർത്തിക്കുകയാണ് ഫിറോസ്.
22000 UAE ദിർഹം ഓരോ മാസവും ശമ്പളമുണ്ട്. ഇന്ത്യൻ രൂപയിൽ പ്രതിമാസം അഞ്ചേകാൽ ലക്ഷം. അഞ്ചേ കാൽലക്ഷം രൂപ ശമ്പളം ലഭിക്കാൻ എന്ത് പ്രവർത്തിയാണ് ഫിറോസ് ഇവിടെ എടുക്കുന്നത്. എന്ത് കയറ്റുമതിയാണ് ചെയ്തതെന്ന് പറയാൻ അദ്ദേഹം ബാധ്യസ്ഥനാണ്. UAE റസിഡൻസി വിസ ( കമ്പനി വിസ) 2018 മുതലുണ്ട്. 2020 വരെ വിസയുണ്ടായിരുന്നു. 2021 മാർച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. നോമിനേഷൻ കൊടുക്കുന്ന സമയത്ത് യുഎഇ വിസ തടസ്സമാകുമോ എന്ന് ഭയന്ന് വിസ കുറച്ചു നാളത്തേക്ക് വേണ്ടെന്നുവച്ചു.
29/ 3/ 2022 മുതൽ 18/3/ 2024 വരെ ചെറിയ ഇടവിളക്ക് ശേഷം അതേ വിസ വീണ്ടും കരസ്ഥമാക്കി. ദുബായിലെ ഓഫീസിന്റെ ലൊക്കേഷൻ അദ്ദേഹം പുറത്തു വിടണം. ദുബായിൽ ഇങ്ങനെ ഒരു കമ്പനിയുടെ ബോർഡ് അന്വേഷിച്ച ആർക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഭക്ഷണ വസ്തുക്കളുടെ വില്പനയാണ് കമ്പനി നടത്തുന്നത് എന്നാണ് പറയുന്നതെന്നും ജലീൽ ആരോപിച്ചു.
അദ്ദേഹം കമ്പനിയുടെ യുഎഇയിലെ ബിസിനസ് സംബന്ധമായ രേഖകൾ പുറത്തു വിടണം. ആകെ ഈ കമ്പനിയിൽ മൂന്ന് ജീവനക്കാരെ ഉള്ളൂ ഒരുപാട് രാജ്യങ്ങളിലെ തൊഴിൽ വിസയുള്ള, ഒരുപാട് രാജ്യങ്ങളിൽ ബിസിനസ് നടത്താൻ കഴിവുള്ള, അതേസമയം യൂത്ത് ലീഗിൽ കേരളത്തിലെ രാഷ്ട്രീയ പ്രവർത്തനവും നടത്താൻ കഴിയുന്ന മായാവിയാണ് ഇദ്ദേഹം. പൊളിറ്റിക്കൽ കുമ്പിടിയല്ല. കേരള രാഷ്ട്രീയത്തിലെ മായാവിയാണ് പി കെ ഫിറോസെന്നും ജലീൽ വിമർശിച്ചു.