
ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ. നിലവിൽ മഹാരാഷ്ട്ര ഗവർണറാണ് സി പി രാധാകൃഷണ്ൻ. ആകെ പോൾ ചെയ്ത 750 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് സി പി രാധാകൃഷ്ണൻ്റെ വിജയം. ഇൻഡ്യാ മുന്നണി സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിക്ക് 300 വോട്ടുകൾ നേടി. 15 വോട്ടുകൾ അസാധുവായി. ആർഎസ്എസിൻ്റെ വളരെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളാണ് സി പി രാധാകൃഷ്ണൻ എന്നതും ശ്രദ്ധയമാണ്. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി നടപ്പിലാക്കിയിരിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർലമെൻ്റിൻ്റെ ഇരുസഭകളിലെയും എം പിമാർ ചേർന്ന് രഹസ്യബാലറ്റിലൂടെയാണ് രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. ബിആർഎസ്, ബിജെഡി, അകാലി ദൾ എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് അപ്രതീക്ഷിതമായി രാജി സമർപ്പിച്ചതോടെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് അനിവാര്യമായത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ജൂലൈ 21നായിരുന്നു ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. ഇതിന് പിന്നാലെയാണ് സി പി രാധാകൃഷ്ണനെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. ബിജെപി അധ്യക്ഷൻ ജെ പി നഡ്ഡയായിരുന്നു സി പി രാധാകൃഷ്ണൻ്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.
തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജനസംഘത്തിൻ്റെ നേതാവായിരുന്ന രാധാകൃഷ്ണൻ പിന്നീട് ബിജെപിയുടെ തമിഴ്നാട്ടിലെ പ്രധാന നേതാക്കളിൽ ഒരാളായി. കോയമ്പത്തൂരിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ നേരത്തെ ജാർഖണ്ഡ് ഗവർണറായിരുന്നു. 2020 മുതൽ 2022 വരെ ബിജെപിയുടെ കേരള പ്രഭാരിയുടെ ചുമതലയും വഹിച്ചിരുന്നു.
ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി പി രാധാകൃഷ്ണൻ 1957 ഒക്ടോബർ 20 ന് തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത്. പതിനാറാം വയസ്സിൽ ആർഎസ്എസിലൂടെ വന്ന രാധാകൃഷ്ണൻ 1974 ൽ ഭാരതീയ ജനസംഘത്തിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1996ൽ ബിജെപിയുടെ തമിഴ്‌നാട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004ൽ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണൻ നിയോഗിതനായി. സംസ്ഥാന പ്രസിഡൻ്റായിരിക്കെ 93 ദിവസം നീണ്ടുനിന്ന 19,000 കിലോമീറ്റർ ‘രഥയാത്ര’ രാധാകൃഷ്ണൻ നടത്തിയിരുന്നു. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുക, ഭീകരത ഇല്ലാതാക്കുക, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക, തൊട്ടുകൂടായ്മ ഇല്ലാതാക്കുക, മയക്കുമരുന്ന് ഭീഷണിക്കെതിരെ പോരാടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യാത്ര സംഘടിപ്പിച്ചത്. പിന്നെയും രണ്ട് പദയാത്രകൾ കൂടി അദ്ദേഹം നയിച്ചിരുന്നു.