KeralaNewsPolitics

പാര്‍ട്ടി പദ്ധതികളുടെ മറവില്‍ പികെ ഫിറോസ് വന്‍ സാമ്പത്തിക തിരിമറി നടത്തുന്നു: കെടി ജലീല്‍

മുസ്ലിം ലീഗിന്റെ സെയില്‍സ് മാനേജരാണ് പി കെ ഫിറോസെന്നും പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നും മുന്‍ മന്ത്രി കെ ടി ജലീല്‍. ദോത്തി ചലഞ്ചെന്ന പേരില്‍ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയതെന്നും വന്‍തട്ടിപ്പാണ് അന്ന് നടന്നതെന്നും കെ ടി ജലീല്‍ ആരോപിക്കുന്നു.

അതേസമയം ഫോര്‍ച്യൂണ്‍ ഹൗസ് ജനറല്‍ എന്ന ദുബായ് കമ്പനിയുടെ മാനേജരാണ് പികെ ഫിറോസെന്നും മാസം അഞ്ചേകാല്‍ ലക്ഷം രൂപയാണ് ഫിറോസിന്റെ ശമ്പളമെന്നും രേഖകള്‍ നിരത്തി കെ ടി ജലീല്‍ വെളിപ്പെടുത്തി. 2024 മാര്‍ച്ച് 23 മുതല്‍ ഈ ശമ്പളം കൈപ്പറ്റുന്ന ഫിറോസ് 2021 ല്‍ മത്സരിക്കുമ്പോള്‍ 25 ലക്ഷം രൂപ ബാധ്യതയുണ്ടെന്നാണ് പറഞ്ഞിരുന്നതെന്നും ഇത്തരത്തില്‍ ബാധ്യത ഉള്ളയാള്‍ക്ക് 2024 ആവുമ്പോഴേക്കും എങ്ങനെ ഇത്രയും ശമ്പളം വാങ്ങുന്ന ജോലി കിട്ടിയെന്നും ജലീല്‍ ചോദിക്കുന്നു. യൂത്ത് ലീഗ് നേതാക്കള്‍ തന്നെയാണ് ഈ രേഖകള്‍ എല്ലാം തരുന്നതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം യുഡിഎഫിന്റെ യുവജന നേതാക്കള്‍ രാഷ്ട്രീയരംഗത്ത് പുതിയ മാഫിയ സംസ്‌കാരം കൊണ്ടുവരുന്നെന്നും ഇത് അപകടകരമായ രീതിയാണെന്നും ജലീല്‍ അഭിപ്രായപ്പെട്ടു. രാഹുല്‍ മാങ്കൂട്ടം ഉള്‍പ്പടെ പണമുണ്ടായാല്‍ എന്തും ചെയ്യാമെന്ന ധിക്കാര മനോഭവമാണ്. പണം കൊടുത്ത് വശത്താക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് വയനാട്ടില്‍ വീട് വെക്കാന്‍ പണം പിരിച്ചത് വിവാദമായി, എന്നാല്‍ യൂത്ത് ലീഗ് പണം പിരിച്ചാല്‍ പിന്നീട് നേതാക്കള്‍ പുതിയ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങുന്നതാണ് കാഴ്ചയെന്നും അദ്ദേഹം പരിഹസിച്ചു.

സിറിയക് ജോസഫിനെതിരെയും കെ ടി ജലീല്‍ തുറന്നടിച്ചു. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയ സമയത്ത് ഹൈക്കോടതി ജഡ്ജി ആയിരുന്നു സിറിയക് ജോസഫെന്നും, അദ്ദേഹത്തെ സ്വാധീനിച്ചാണ് ലീഗ് നേതാക്കള്‍ ബന്ധു നിയമനത്തില്‍ തനിക്ക് എതിരെ നടപടി എടുപ്പിച്ചതെന്നും ജലീല്‍ പറഞ്ഞു. ലീഗ് നേതാക്കള്‍ സിറിയക് ജോസഫിനെ ഒരുപാട് സഹായിച്ചതിനുള്ള പ്രതിഫലമായിരുന്നു അത്. തന്നെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റാന്‍ അന്ന് പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പടെ ഇടപെട്ടിട്ടുണ്ട്. അങ്ങനെയാണ് സിറിയക് ജോസഫിനെ സ്വാധീനിച്ചത് . ഇതിലെ ഗൂഡാലോചന വ്യക്തമാണെന്നും ജലീല്‍ ചൂണ്ടിക്കാണിച്ചു. നേരത്തെ ജലീലിന് മന്ത്രിസ്ഥാനം നഷ്ടമായ ബന്ധുനിയമന ആരോപണത്തില്‍ കുറ്റാരോപിതനായ കെടി അദീപ് ഇപ്പോള്‍ ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചിയിലെ ചീഫ് മാനേജരാണെന്നും ജലീല്‍ ചൂണ്ടിക്കാണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button