
വയനാട് മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അനുമതി കിട്ടിയതുമായി ബന്ധപ്പെട്ട് കല്പറ്റ എം എല്‍ എ, പ്രിയങ്ക ഗാന്ധി എം പിയെ എട്ടുകാലി മമ്മൂഞ്ഞ് ആക്കിയിരിക്കുകയാണെന്ന് കെ റഫീഖ്. 2025 ജനുവരി 18 ന് സംസ്ഥാന സര്‍ക്കാര്‍ നല്കിയ കത്ത് പ്രകാരം ജൂണ്‍ 23ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ വിദഗ്ധ സംഘം വയനാട് മെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വിശദമായി പരിശോധിച്ചിരുന്നു.
ഇതിനിടയില്‍ വയനാട് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് കോഴ്സ് പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിനായുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്നതിന് കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സിലിന്റെ ഫണ്ടില്‍ നിന്നും 10 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ നിലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ ഭാഗമായാണ് നാഷണല്‍ മെഡിക്കല്‍ കമ്മീഷന് വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുകയും തൃപ്തികരമായ ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം മെഡിക്കല്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ കഴിയുന്ന നിലയില്‍ എം ബി ബി എസ് കോഴ്സിന് അനുമതി നല്‍കുകയുമായിരുന്നു.
ഈ നടപടിക്രമങ്ങള്‍ക്ക് മുമ്പായി കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന്റെ കണ്‍സെന്റ് ഓഫ് അഫിലിയേഷന് വയനാട് മെഡിക്കല്‍ കോളേജിന് ലഭിച്ചിരുന്നു. ഇതിന് മുമ്പായി തന്നെ വയനാട് മെഡിക്കല്‍ കോളേജിന് ആവശ്യമായ അധ്യാപക- അനധ്യപക തസ്തികകള്‍ അടക്കം സൃഷ്ടിച്ച് നിയമനം നടത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് അനുമതി ലഭിക്കുന്നതിന് ആവശ്യമായ സാങ്കേതിക നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചത് സംസ്ഥാന സര്‍ക്കാരാണ്.
ഏറ്റവും ഒടുവില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ വിദഗ്ധ സംഘം വയനാട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രി വികസന സമിതി അടക്കം നടത്തിയ ഇടപെടലുകള്‍ എടുത്ത് പറയേണ്ടതാണ്. സത്യം ഇതായിരിക്കെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുന്നത് ഭോഷത്തരമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.