
ആഗോള അയ്യപ്പ സംഗമത്തെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വര്‍ഗീയ വാദികള്‍ക്ക് വിശ്വാസമൊന്നുമില്ല. വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് വര്‍ഗീയവാദികള്‍. ആ വര്‍ഗീയവാദികളുടെ പ്രചാരവേലയോട് ഒപ്പം ചേര്‍ന്നു നില്ക്കാന് സിപിഎം ഇല്ല. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും എടുത്തിട്ടില്ല, ഇന്നുമില്ല, നാളെയും എടുക്കില്ല. ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന മനുഷ്യരും വിശ്വാസികളാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
വിശ്വാസികളെ കൂടെ കൂട്ടി വേണം വര്‍ഗീയവാദികളെ പ്രതിരോധിക്കേണ്ടത്. വിശ്വാസികള്‍ക്കൊപ്പമാണ് സിപിഎം എന്നുമുള്ളത്. അതുകൊണ്ടുതന്നെ ഇടതുമുന്നണി സര്‍ക്കാരിനെ പറ്റി പ്രത്യേകം പറയേണ്ടതില്ല. അങ്ങനെയെങ്കില്‍ കോടതിയിലെ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന ആവശ്യത്തിലെ നിലപാട് എന്താണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ആ ഡിമാന്‍ഡിനെക്കുറിച്ചല്ല ചര്‍ച്ച ചെയ്യുന്നതെന്നായിരുന്നു ഗോവിന്ദന്റെ പ്രതികരണം. അതൊക്കെ അവര്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. സിപിഎം ആരോടൊപ്പം നില്ക്കുന്നു എന്നതാണ് താന്‍ പറഞ്ഞതെന്നും ഗോവിന്ദന് വ്യക്തമാക്കി.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ളത് കോടതി വിധിയും, അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നങ്ങളുമാണ്. അതിലേക്കൊന്നും ഇപ്പോള്‍ കടന്നുപോകേണ്ട കാര്യമില്ല. അന്ന് യുവതികള്‍ ശബരിമലയില്‍ പോയതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അഭിപ്രായം പറയാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല. അതെല്ലാം കഴിഞ്ഞുപോയ അധ്യായമാണ്. അതിനെ ചുറ്റിപ്പറ്റി തുടങ്ങുന്നതിന്റെ ഉദ്ദേശം വേറെ പലതുമാണ്. അതിനൊന്നും തന്നെ കിട്ടില്ല. വേറെ ആളെ നോക്കേണ്ടതാണെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. അതില്‍ സുപ്രീംകോടതി തീരുമാനിക്കുമല്ലോ. വര്‍ഗീയ നിലപാടുകള്‍ സ്വാകരിച്ചുകൊണ്ടാണല്ലോ ഗവര്‍ണര്‍ ഉള്‍പ്പെടെ നിലപാട് സ്വീകരിക്കുന്നത്. ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമാണ് നടക്കുന്നതെന്ന് സിപിഎം നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണ്. കോടതി ഒരു നിലപാട് പറഞ്ഞപ്പോള്‍ അത് അംഗീകരിക്കാന്‍ കഴിയാത്തവരാണ് അപ്പീലും കാര്യങ്ങളുമായി പോകുന്നത്. അതില്‍ ഞങ്ങള്‍ക്ക് രാഷ്ട്രീയപ്രശ്നമില്ലെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.