KeralaNews

വിസി നിയമനം: ഉത്തരവില്‍ ഭേദഗതി തേടി ഗവര്‍ണര്‍ സുപ്രീം കോടതിയില്‍

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ മുഖ്യമന്ത്രിക്കു മേല്‍ക്കൈ നല്‍കിയ സുപ്രീംകോടതി ഉത്തരവില്‍ ഭേദഗതി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ഹര്‍ജി നല്‍കി. വിസിമാരായി നിയമിക്കുന്നതിന് സെര്‍ച്ച് കമ്മിറ്റി നിശ്ചയിക്കുന്ന പേരുകളില്‍ മുഖ്യമന്ത്രിക്കു മുന്‍ഗണനാക്രമം തീരുമാനിക്കാമെന്ന വ്യവസ്ഥയ്ക്കെതിരെയാണ് ഗവര്‍ണറുടെ ഹര്‍ജി.

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ യുജിസി പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് സുപ്രീംകോടതി, സെര്‍ച്ച് കമ്മിറ്റി അധ്യക്ഷനായി മുന്‍ ജഡ്ജി ജസ്റ്റിസ് സുധാംശു ധൂലിയയെ നിയമിച്ചിരുന്നു.

സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും പ്രതിനിധികളെ നിര്‍ദേശിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറും സര്‍ക്കാരും തങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുപ്പ് കോടതിക്ക് കൈമാറി. ഇതില്‍ നിന്നും ജസ്റ്റിസ് സുധാംശു ധൂലിയ സെര്‍ച്ച് കമ്മിറ്റി അംഗങ്ങളെ തീരുമാനിച്ചിരുന്നു. സെര്‍ച്ച് കമ്മിറ്റി നിശ്ചയിക്കുന്നവരുടെ പേരു വിവരം മുഖ്യമന്ത്രിക്ക് കൈമാറണമെന്നും, ഇതില്‍ നിന്നും നിയമനം നടത്തണമെന്നുമാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.

സുപ്രീംകോടതിയുടെ ഉത്തരവിന്റെ പരിഷകരണമാണ് ഗവര്‍ണര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉത്തരവിന്റെ ഖണ്ഡികയിലെ 19, 20 എന്നിവയില്‍ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളുടെ വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്‍ഗണനാക്രമം തീരുമാനിക്കാമെന്ന നിര്‍ദേശം മാറ്റണം. മുഖ്യമന്ത്രിയെ മുഴുവന്‍ നിയമനപ്രക്രിയയില്‍ നിന്നും ഒഴിവാക്കണം. നിലവില്‍ രണ്ട് ഗവര്‍ണറുടെ പ്രതിനിധികള്‍, രണ്ട് സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിങ്ങനെയാണുള്ളത്. ഇതില്‍ യുജിസി പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button