
കാട്ടുകോഴിക്ക് എന്ത് സംക്രാന്തി’ എന്ന ചൊല്ലാണ് ദൈവനിഷേധികളാണ് പിണറായിയും സ്റ്റാലിനും ചേര്‍ന്ന് നടത്തുന്ന അയ്യപ്പ സംഗമം കാണുമ്പോള്‍ ഓര്‍മ വരുന്നതെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി. ബിജെപി കുടില്‍ത്തോട് വാര്‍ഡ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിനിടെയായിരുന്നു പ്രതികരണം. അയപ്പ സന്നിധാനത്തോട് പിണറായിയും കൂട്ടരും ചെയ്ത ക്രൂരത വിശ്വാസികള്‍ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജന്‍ കാനങ്ങോട്ട് അധ്യക്ഷനായ പരിപാടിയില്‍ എം സുരേഷ്, ഇ പ്രശാന്ത്, ശ്രീജ സി നായര്‍, അബ്ദുല്‍ റസാഖ്. ബിജു കുടില്‍ത്തോട് എന്നിവരും സംസാരിച്ചു.
സെപ്റ്റംബര്‍ 20-നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പാ തീരത്താണ് പരിപാടി. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം.
ആഗോള അയ്യപ്പ സംഗമത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ‘തെരഞ്ഞെടുപ്പിന് നാല് മാസം മുമ്പ് ഇത് സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണ്. പത്ത് കൊല്ലം ഈ ഭക്തർക്ക് ഒരു അടിസ്ഥാന സൗകര്യം പോലും ചെയ്ത് നൽകാത്ത ദേവസ്വം അയ്യപ്പ സംഗമം നടത്തുകയാണെങ്കിൽ നടത്തട്ടെ. ഹിന്ദു വൈറസ് ആണെന്നും തുടച്ചുനീക്കണമെന്നും പറഞ്ഞ സ്റ്റാലിനും അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ച മുഖ്യമന്ത്രി പിണറായി വിജയനും അവിടെ പോകാൻ പാടില്ല. അത് അപമാനമാണ്’ എന്നാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് തളളിയിരുന്നു. രാജീവ് ചന്ദ്രശേഖർ പറയുന്നത് രാഷ്ട്രീയമാണെന്നും ഭക്തിയും രാഷ്ട്രീയവും രണ്ട് വഴിക്കാണെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ വികസനം ആഗ്രഹിക്കുന്ന, ശബരിമല ഭക്തരായ എല്ലാവരെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നുവെന്നും ശബരിമലയുടെ വരുമാനം വര്‍ധിക്കുമ്പോള്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നിരവധി ക്ഷേത്രങ്ങളുടെ വികസനമാണ് നടക്കുന്നതെന്നുമാണ് പി എസ് പ്രശാന്ത് പറഞ്ഞത്.