KeralaNews

ആഗോള അയ്യപ്പ സംഗമം: തമിഴ്‌നാടിന്റെ പങ്കാളിത്തം അനിവാര്യം; സ്റ്റാലിനെ ക്ഷണിച്ചതിൽ അപാകതയില്ല: മന്ത്രി വാസവൻ

ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചതില്‍ അപാകതയില്ലെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. സ്റ്റാലിനെ ക്ഷണിച്ചതിൽ രാഷ്ട്രീയം കാണേണ്ടതില്ല. കേരളം കഴിഞ്ഞാല്‍ ശബരിമലയിലേക്ക് ഏറ്റവും അധികം ഭക്തര്‍ എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. തമിഴ്‌നാട് ദേവസ്വം വകുപ്പ് മന്ത്രി ശേഖര്‍ ബാബു കഴിഞ്ഞ വര്‍ഷം ശബരിമല സന്ദര്‍ശിച്ചത് മൂന്ന് തവണയാണ്. ശബരിമലയുടെ വികസനത്തിന് എല്ലാ സഹകരണവും ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. ശബരിമലയുടെ വികസനത്തില്‍ തമിഴ്‌നാടിന്റെ പങ്കാളിത്തം അനിവാര്യമാണ്. ആഗോള അയ്യപ്പ സംഗമത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ചതിലൂടെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

കേരളത്തിന്റെ ക്ഷണം തമിഴ്‌നാട് സ്വീകരിച്ചിട്ടുണ്ടെന്നും ദേവസ്വം, ഐടി വകുപ്പ് മന്ത്രിമാര്‍ ആഗോള സംഗമത്തില്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണിയെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. അങ്ങനെയുള്ള ആളുകളുടെ സംഗമമല്ല ആഗോള അയ്യപ്പ സംഗമം. യഥാര്‍ത്ഥ അയ്യപ്പ ഭക്തന്മാര്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തുടര്‍ച്ചയായി വന്ന് പോകുന്നവര്‍, വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് വരുന്നവർ എന്നിവരെയാണ് ഉള്‍പ്പെടുത്തുക. ആ പട്ടികയില്‍ ബിന്ദു അമ്മിണി ഇല്ല. ബിന്ദു അമ്മിണിയെ പരിപാടിയിലേക്ക് ക്ഷണിക്കേണ്ട കാര്യമില്ല. അവര്‍ ആ പരിപാടിയില്‍ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു വര്‍ഷം മുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് എടുത്ത സുപ്രധാന തീരുമാനമായിരുന്നു ആഗോയ അയ്യപ്പ സംഗമം. വിദേശത്തുനിന്നടക്കം ശബരിമലയില്‍ വന്ന് പോകുന്ന അയ്യപ്പ ഭക്തന്മാര്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആഗോള അയ്യപ്പ സംഗമം എന്ന ആശയത്തിലേക്ക് എത്തിയത്. സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ ഓരോ വര്‍ഷവും കൂടുതല്‍ ആളുകളുമായി ശബരിമല ദര്‍ശനത്തിന് എത്താം എന്നായിരുന്നു അവര്‍ മുന്നോട്ടുവെച്ച നിര്‍ദേശം. അതനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം അയ്യപ്പഭക്തന്മാരുടെ വരവില്‍ വലിയ വര്‍ദ്ധനവാണുണ്ടെയതെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button