KeralaNews

ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല

ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തും. എൻഎസ്എസ് അടക്കം ഉപാധി വെച്ച സാഹചര്യത്തിലാണ് തീരുമാനം. ആചാരനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ക്ഷേത്ര പരിശുദ്ധി സംരക്ഷിച്ചുള്ള വികസനവുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമിതിയുടെ നേതൃത്വം രാഷ്ട്രീയ വിമുക്തമാകണമെന്ന ഉപാധിയും വച്ചു. എൻഎസ്എസിനുള്ളിലെ എതിരഭിപ്രായത്തിനും ബിജെപി വിമര്‍ശനത്തിനും പിന്നാലെയായിരുന്നു വിശദീകരണം. ഈ സാഹചര്യത്തിലാണ് സംഘാടകരുടെ തീരുമാനം.

പഴയകാലം ചര്‍ച്ച ചെയ്യേണ്ടെന്ന് നേതൃത്വം പറയുമ്പോഴും എൻഎസ്എസിൽ എല്ലാവരും യുവതി പ്രവേശന വിധി നടപ്പാക്കാൻ സര്‍ക്കാര്‍ ഇറങ്ങിയത് മറക്കാൻ ഒരുക്കമല്ല. ശബരിമലയുടെ കാര്യത്തിൽ സര്‍ക്കാരിന് വിശ്വസിക്കാനാകുമോയെന്ന് ചോദ്യം ഉള്ളിൽ ഉയര്‍ന്നതോടെയാണ് ആഗോള സംഗമത്തിന്‍റെ പിന്തുണയ്ക്ക് ഉപാധി വച്ചുള്ള എൻഎസ്എസ് നേതൃത്വത്തിന്‍റെ ചുവടു മാറ്റം. സമിതി രാഷ്ട്രീയ മുക്തമാകണമെന്ന് എൻഎസ്എസ് പറയുമ്പോള്‍ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികരി മുഖ്യമന്ത്രിയാണ്. സമിതിയിൽ മന്ത്രിമാരും സ്പീക്കറും പ്രതിപക്ഷ നേതാവും ഉണ്ടായിരിക്കും. ഇതിനിടെ ശബരിമല വിഷയത്തിൽ ചോര്‍ന്നു പോയ വോട്ടു പിടിക്കലാണ് ഉന്നമെന്ന സംശയത്തിൽ സംഗമത്തെ യോഗക്ഷേമ സഭ പിന്തുണയ്ക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button