KeralaNews

അയ്യപ്പ വികാരം മാനിക്കണം ; എൻഎസ്എസിനെതിരെ വിമര്‍ശനവുമായി കുമ്മനം രാജശേഖരൻ

അയ്യപ്പ സംഗമത്തെ അനുകൂലിച്ച എൻഎസ്എസ് നിലപാടിനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. അയ്യപ്പ വികാരത്തെ എൻഎസ്എസ് മാനിക്കണമെന്നും ഭക്തർക്കൊപ്പം നിൽക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. നേരത്തെ സമരത്തിൽ പങ്കെടുത്ത ഒട്ടേറെ കരയോഗം അംഗങ്ങളും പ്രസിഡന്റുമാരും അവരുടെ മക്കളും ഇപ്പോഴും കേസുകളിൽ കുടുങ്ങി കോടതി കയറി ഇറങ്ങുകയാണ്. അവരുടെ ഭാവി അപകടത്തിലാണ്. പലർക്കും ഇനിയും പാസ്‌പോർട്ട് എടുക്കാൻ പോലും ആകുന്നില്ല എന്നത് എൻഎസ്എസ് വൈസ് പ്രസിഡന്റ് ഓർക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

അയ്യപ്പസംഗമത്തെ കുറിച്ച് കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയത് അങ്ങേയറ്റം വേദനിപ്പിക്കുന്ന പ്രസ്താവനയാണ്. സംഗമത്തിൽ ആര് പങ്കെടുക്കണം പങ്കെടുക്കേണ്ട എന്നത് തീരുമാനിക്കാനുള്ള അധികാരം ആരാണ് ഗോവിന്ദന് നൽകിയത്. സിപിഐഎം ആണ് സംഗമം നടത്തുന്നതെന്ന് ഇപ്പോഴാണ് മനസിലായത്. എകെജി സെന്ററിൽ നിന്നാണ് ആളെ വിളിച്ചു കൂട്ടുന്നതെന്ന് ഗോവിന്ദന്റെ പരാമർശത്തിലൂടെ ബോധ്യമായെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിനായി ദേവസ്വം ബോർഡ് നടത്തുന്ന പരിപാടിയെങ്കിൽ അതിനായി സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച് എങ്ങനെ ക്ഷണപത്രം അടിക്കും. വാണിജ്യ താല്പര്യങ്ങൾക്കായി നടത്തുന്ന സംഭവമായി സംഗമം മാറിയെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ ഒരു ടൂറിസ്റ്റ്, വാണിജ്യ കേന്ദ്രവുമാക്കി പണം കോടികൾ കൊയ്‌തെടുക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ മടിയുളളവരാണ് ഇപ്പോൾ അയ്യപ്പ സംഗമത്തിന് ഇറങ്ങുന്നത്. അയ്യപ്പന്മാരുടെ വിശ്വാസത്തെയും വികാരത്തേയും കച്ചവടവത്കരിച്ച് പണം നേടാനുള്ള നീക്കമാണിത്. എന്തിനാണ് ദേവസ്വം ബോർഡ് നോക്കുകുത്തിയായി നിൽക്കുന്നതെന്നും കുമ്മനം രാജശേഖരൻ വിമർശിച്ചു.

ബിന്ദു അമ്മിണിയെ ഇറക്കിവിട്ടത് സിപിഐഎം ആണ്. തന്ത്രപരമായ നീക്കവും കപടനാടകവുമാണിത്. അയ്യപ്പന്മാരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. അയ്യപ്പ സംഗമം നടത്തേണ്ടത് വിശ്വാസികളാണ് അല്ലാതെ സിപിഐഎം അല്ല. കോടികൾ നൽകുന്നവന് മുൻഗണന കൊടുക്കുമ്പോൾ പാവപ്പെട്ടവന്റെ വിശ്വാസത്തെ ഹനിക്കുകയാണ് ചെയ്യുന്നതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

ആചാര സംരക്ഷണമാണ് എൻഎസ്എസിന്റെ നിലപാടെന്നും ആഗോള അയ്യപ്പ സംഗമം വിശ്വാസങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് നടത്തുന്നത്, അതിൽ എൻഎസ്എസിന് എതിർപ്പില്ലെന്നും എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് കുമ്മനം രാജശേഖരൻ പരസ്യവിമർശനവുമായി എത്തിയത്.

അതേസമയം ശബരിമലയുടെ പുരോഗതിക്ക് ആഗോള അയ്യപ്പ സംഗമം വലിയ പങ്കുവഹിക്കുമെന്നും സംഗമം ഒരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിശ്വസികൾക്ക് ഒരിക്കലും വർഗീയവാദിയാകാൻ കഴിയില്ല. വർഗീയവാദികൾക്ക് വിശ്വാസിയാകാനും കഴിയില്ല. വിശ്വാസികൾ ഏറെയുള്ള സമൂഹത്തിൽ അവരെകൂടി പരിഗണിച്ചാണ് മുന്നോട്ട് പോകുക. പാർട്ടി എന്നും വിശ്വാസികൾക്കൊപ്പമാണ്. നാളെയും അങ്ങനെയായിരിക്കും. ആഗോള ആയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത് ദേവസ്വം ബോർഡാണ്. ശബരിമലയുടെ പുരോഗതിക്കാവശ്യമായ നിർദേശങ്ങളാണ് ഇവിടെ ചർച്ച ചെയ്യുന്നത്. അതിൽ ബിജെപി അസ്വസ്ഥമാകുന്നതിൽ അത്ഭുതമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. എല്ലാ വിശ്വാസികളേയും അതിലേക്ക് ക്ഷണിക്കും എന്നാൽ വർഗീയ വാദികളെ ക്ഷണിക്കില്ലെന്നും വർഗീയവാദികൾക്കെതിരായ പോരാട്ടത്തിൽ നല്ല പങ്കുവഹിക്കേണ്ടവരാണ് വിശ്വാസികളെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു.

അയ്യപ്പ സംഗമം വോട്ടുബാങ്ക് ലക്ഷ്യമിട്ടുളളതാണെന്നും തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് സംഗമം സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വിമർശിച്ചിരുന്നു. സെപ്റ്റംബർ 20-നാണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. പമ്പാ തീരത്താണ് പരിപാടി. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button