
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്ക് മുറുകുന്നു. സ്ത്രീകളെ സോഷ്യല്‍ മീഡിയയിലൂടെ അടക്കം ശല്യം ചെയ്തുവെന്ന ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു. ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടി ഇരുന്നു. സ്ത്രീകളെ ശല്യം ചെയ്ത വകുപ്പുകള്‍ ചുമത്തിയേക്കും. ഇതിനിടെ ഇരകളായ യുവതികളുടെ മൊഴിയെടുക്കാനുള്ള നീക്കവും പൊലീസ് നടത്തുന്നുണ്ട്.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പരാതി നല്‍കാന്‍ ആശങ്ക വേണ്ടെന്നും എല്ലാ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ രാഹുലിനെതിരെ നിയമനടപടി സ്വീകരിക്കുന്നതില്‍ പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് വിവരം. രാഹുല്‍ മാങ്കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്ന ആരോപണവുമായി നടിയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
റിനി ആന്‍ ജോര്‍ജ് തന്നെയായിരുന്നു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഒരു യുവ യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. ഒരു രാഷ്ട്രീയ നേതാവ് ഇങ്ങനെയാകരുതെന്ന് ഉപദേശിച്ചുവെന്നും ‘ഹു കെയര്‍’ എന്നതായിരുന്നു അയാളുടെ ആറ്റിറ്റിയൂഡെന്നും റിനി പറഞ്ഞിരുന്നു. പേര് പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലെങ്കിലും രാഹുലിനെ ഉദ്ദേശിച്ചുള്ള പരാമര്‍ശമാണ് നടത്തിയതെന്ന ആരോപണം സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. തൊട്ടുപിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരനും രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്‍ പറഞ്ഞത്. സംഭവം വലിയ വിവാദമായി മാറുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതികരണവുമായി നേതാക്കള്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം അടക്കം പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡും കൈയൊഴിഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചു. ഇതിന് ശേഷവും രാഹുലിനെതിരെ ആരോപണങ്ങള്‍ പുറത്തുവന്നു. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലാകുകയും രാഹുലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.