
ആര്യനാട്ടെ വാര്‍ഡ് മെമ്പര്‍ ശ്രീജയുടെ ആത്മഹത്യയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശ്രീജ സിപിഐഎം വേട്ടയാടലിന്റെ ഇരയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. സ്ത്രീകളെ വേട്ടയാടുന്ന പാര്‍ട്ടിയായും സാമ്പത്തിക ബാധ്യതയുള്ളവരെ അപമാനിക്കാന്‍ വേണ്ടി പൊതുയോഗം നടത്തുന്ന പാര്‍ട്ടിയായും സിപിഐഎം മാറിയെന്ന് വി ഡി സതീശന്‍ പറഞ്ഞു.
അധിക്ഷേപിച്ചതില്‍ മനം നൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തത്. പൊലീസ് സ്റ്റേഷനിലും നീതി കിട്ടുന്നില്ലെന്നും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ആസിഡ് കുടിച്ചാണ് ശ്രീജ മരിച്ച നിലയില്‍ ഇന്ന് കണ്ടെത്തിയത്. ശ്രീജയ്ക്ക് 60 ലക്ഷം രൂപ കടബാധ്യത ഉണ്ടായിരുന്നു.
വീടും പറമ്പും വിറ്റ് കടം വീട്ടാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇവര്‍ക്കെതിരെ സിപിഐഎം സാമ്പത്തിക തട്ടിപ്പ് ആരോപണം നടത്തിയിരുന്നു. ഇന്നലെ സിപിഐഎം പ്രതിഷേധം നടത്തിയിരുന്നു. ഇതില്‍ മനം നൊന്താണ് ആത്മഹത്യ എന്നാണ് ആരോപണം. സിപിഐഎം ശ്രീജയെ വ്യക്തിഹത്യ നടത്തിയെന്ന് ഡിസിസി അംഗം ജയമോഹനും ആരോപിച്ചു. സിപിഐഎം സ്ഥിരമായി ശ്രീജയെ വേട്ടയാടി. യക്ഷിയുടെ പടം ഒട്ടിച്ച പോസ്റ്റര്‍ ഇറക്കി. പണം തട്ടുന്ന യക്ഷിയാണെന്ന് പ്രചരണം നടത്തി. ഇന്നലെ പ്രതിഷേധ സംഗമത്തിലും വ്യക്തിഹത്യ നടത്തിയെന്നും ജയമോഹന്‍ പറഞ്ഞു.