
കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പില്‍ എം പിയുടെയും മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് പരാതി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോനാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഇവര്‍ക്ക് പിന്നില്‍ വലിയൊരു ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജിസ്‌മോന്‍ പരാതിയില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ രാഷ്ട്രീയ രംഗത്ത് വലിയൊരു ക്രിമിനല്‍ സംഘം വളര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. അധികാരവും പണവും ദുര്‍വിനിയോഗം ചെയ്ത് കൊണ്ട് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഈ സംഘം പാലക്കാട് നിയമ സഭാ ഉപതെരഞ്ഞെടുപ്പ് വേളയില്‍ ട്രോളി ബാഗില്‍ പണം കടത്തിയെന്ന ആരോപണം നേരിട്ടിരുന്നുവെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം ലൈംഗികാതിക്രമ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസില്‍ പരാതി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തകനായ പി എം സുനില്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. യുവതിയെ കൊലപ്പെടുത്തുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തുന്നത് സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നിലെ ക്രിമിനല്‍ സംഘത്തെക്കുറിച്ചും അന്വേഷിക്കണമെന്നും പി എം സുനില്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
ഇതിനിടെ, ഇന്ന് രാവിലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിത അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ എംഎല്‍എയായി തന്നെ തുടരും. എത്ര കാലത്തേക്കാണ് സസ്പെന്‍ഷന്‍ എന്നത് വ്യക്തമല്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എയായി തുടരാനാവുന്ന തരത്തില്‍ തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. മുഖം രക്ഷിക്കാന്‍ പേരിന് സസ്‌പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.