
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടേണ്ട എന്ന് ഡല്‍ഹി ഹൈക്കോടതി. നരേന്ദ്രമോദിയുടെ ബിരുദ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് തള്ളിയാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി.
സിഐസി ഉത്തരവിനെ ചോദ്യം ചെയ്ത് ഡല്‍ഹി സര്‍വകലാശാല സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സച്ചിന്‍ ദത്ത വിധി പുറപ്പെടുവിച്ചത്. ഈ വിഷയത്തില്‍ വാദം പൂര്‍ത്തിയാക്കിയ ഡല്‍ഹി ഹൈക്കോടതി ഫെബ്രുവരി 27-ന് വിധി പറയാന്‍ മാറ്റുകയായിരുന്നു. അപരിചിതരായ ആളുകളെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കാണിക്കാനാകില്ല എന്ന നിലപാടാണ് ഡല്‍ഹി സര്‍വകലാശാല കോടതിയില്‍ സ്വീകരിച്ചത്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് കോടതിയില്‍ ഹാജരായത്. ഡല്‍ഹി സര്‍വകലാശാലയുടെ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി, മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യമായി തന്നെ തുടരണമെന്ന് നിര്‍ദേശിച്ചു.
നീരജ് എന്നയാള്‍ നല്‍കിയ വിവരാവകാശ അപേക്ഷയെത്തുടര്‍ന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടക്കം 1978ല്‍ ബിഎ പരീക്ഷ പാസായ എല്ലാ വിദ്യാര്‍ഥികളുടെയും രേഖകള്‍ പരിശോധിക്കാനാണ് 2016 ഡിസംബര്‍ 21ന് സിഐസി അനുമതി നല്‍കിയത്. ഇതിനെ ചോദ്യം ചെയ്താണ് ഡല്‍ഹി സര്‍വകലാശാല കോടതിയെ സമീപിച്ചത്.