
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഡല്‍ഹിയില്‍ പഠിച്ചിരുന്ന കാലത്തും പെണ്‍കുട്ടികളെ ശല്യം ചെയ്തിരുന്നെന്ന് ആരോപണവുമായി സിപിഐ നേതാവ് ആനി രാജ. ഡല്‍ഹിയിലെ പഠനകാലത്ത് രാഹുലിനെതിരേ പരാതികള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ക്ക് സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളെയും അന്ന് ഇയാള്‍ സമീപിച്ചിരുന്നു. കോളജുകളിലെയും സര്‍വകലാശാലകളിലെയും ആക്ടിവിസ്റ്റുകളായ പെണ്‍കുട്ടികളെ സമീപിക്കാന്‍ ശ്രമിച്ചു. അവരൊക്കെയും യഥാസമയം തക്കമറുപടികൊടുത്ത് രാഹുലിനെ മടക്കിയെന്നും ആനി രാജ പറഞ്ഞു.
രാഹുല്‍ നശിപ്പിച്ച ഭ്രൂണത്തിന്റെ അവകാശത്തെ കുറിച്ച് കോണ്‍ഗ്രസിന് എന്താണ് പറയാനുള്ളത്? രാഷ്ട്രീയ വിശ്വാസ്യതക്ക് മുന്നണിയെന്നോ, രാഷ്ട്രീയപാര്‍ട്ടികളെന്നോ ഭേദമില്ലെന്നും ആനി രാജ പറഞ്ഞു. എംഎല്‍എ സ്ഥാനത്തുതുടരാന്‍ രാഹുലിന് ധാര്‍മികമായി അര്‍ഹതയില്ല. കോണ്‍ഗ്രസ് രാഹുലിന്റെ രാജി ആവശ്യപ്പെടണം. ഇത്തരം ആളുകള്‍ക്കെതിരേ ഏതുപാര്‍ട്ടിയാണെങ്കിലും മുഖംനോക്കാതെ നടപടി എടുക്കണം.
ഇപ്പോള്‍ പുറത്തുവന്ന തെളിവുകള്‍ക്ക് ആധികാരികത ഇല്ലെന്ന് രാഹുല്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ രാഹുല്‍ മാനഷ്ടത്തിന് കേസ് കൊടുക്കുകയും അതില്‍ വിധി വരുന്നത് വരെ തല്‍സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുകയാണ് വേണ്ടതെന്നും ആനിരാജ പറഞ്ഞു.