
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ഇന്ത്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്ശന് റെഡ്ഡി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, ശരദ് പവാര്‍, ജയ്റാം രമേശ്, പ്രിയങ്കാ ഗാന്ധി, കെ രാധാകൃഷ്ണന് എംപി, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ ചടങ്ങില്‍ സംബന്ധിച്ചു.
തെലങ്കാന സ്വദേശിയാണ് മുന്‍ സുപ്രീംകോടതി ജഡ്ജിയായ ജസ്റ്റിസ് സുദര്ശന് റെഡ്ഡി. ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രഗത്ഭനും പുരോഗമനവാദിയുമായ നിയമജ്ഞരില്‍ ഒരാളാണ് ബി സുദര്ശന് റെഡ്ഡിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇന്ത്യൻ നീതിന്യായ രംഗത്തെ ഉന്നത വ്യക്തിത്വമായ ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ പിന്തുണയ്ക്കണമെന്ന് ബിജെഡി, ടിഡിപി അടക്കമുള്ള പാർട്ടികളോട് ഇന്ത്യ സഖ്യ നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി സി പി രാധാകൃഷ്ണന് ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍എസ്എസ് നേതാവാണ് സി പി രാധാകൃഷ്ണന്. മഹാരാഷ്ട്ര ഗവര്‍ണറായിരിക്കെയാണ് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപി നേതൃത്വം രാധാകൃഷ്ണനെ തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. വോട്ടെടുപ്പും വോട്ടെണ്ണലും ഫലപ്രഖ്യാപനവും അന്നു തന്നെ നടക്കും.
ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെത്തുടര്‍ന്നാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എംപിമാരും ചേര്‍ന്നാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രണ്ട് സഭകളിലും കൂടി 781 അംഗങ്ങളാണുള്ളത്. 391 വോട്ടുകള്‍ നേടുന്ന സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനാകും.