
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് രാജ്യവ്യാപക ചര്‍ച്ചയ്ക്ക് വഴിതുറന്ന സാഹചര്യത്തില്‍ പ്രതിരോധവുമായി ബിജെപി. ബിജെപി നേതാവും എംപിയുമായ അനുരാഗ് ഠാക്കൂര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കോണ്‍ഗ്രസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിയത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന് ഠാക്കൂര്‍ ആരോപിച്ചു.
കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും ബിജെപിയെയും കുറ്റപ്പെടുത്തുകയാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഇന്ത്യയിലെ വോട്ടര്‍മാരെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നത്. സ്വന്തം മണ്ഡലത്തില്‍ വന്നിട്ടുള്ള ഇരട്ട വോട്ടുകളുടെ കാര്യത്തില്‍ രാഹുലും പ്രിയങ്കയും രാജിവയ്ക്കുമോയെന്നും അനുരാഗ് ഠാക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു.
വയനാട്, റായ്ബറേലി, ഡയമണ്ട് ഹാര്‍ബര്‍, കനൗജ്, മെയിന്‍പുരി, കൊളത്തൂര്‍ മണ്ഡലങ്ങളില്‍ നിരവധി വ്യാജ വോട്ടര്‍മാരുണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയും പിന്നീട് പ്രിയങ്ക ഗാന്ധിയും വിജയിച്ച വയനാട് മണ്ഡലത്തില്‍ 93499 വോട്ടര്‍മാര്‍ സംശയത്തിന്റെ നിഴലിലുള്ളവരാണ്. 20,438 വ്യാജ വോട്ടര്‍മാരും 17450 വ്യാജ വിലാസങ്ങളുും വയനാട്ടില്‍ ഉണ്ടെന്നും, ഒരു വീട്ടില്‍ മാത്രം 52 വോട്ടര്‍മാരുണ്ടെന്നും അനുരാഗ് ഠാക്കൂര്‍ കുറ്റപ്പെടുത്തി. വയനാട് ലോക്സഭാ മണ്ഡലത്തിലെ വണ്ടൂർ, ഏറനാട്, കൽപ്പറ്റ, തിരുവമ്പാടി നിയമസഭാ മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ ആരോപണം.